മൂരാട് പാലം നിർമാണം പുരോഗമിക്കുന്നു; കരയിലെ പൈലിങ് പൂർത്തിയായി
text_fieldsവടകര: ദേശീയപാത 66നൊപ്പം മൂരാട് പുതിയ പാലത്തിന്റെ നിർമാണം അതിവേഗം പുരോഗമിക്കുന്നു. പുഴക്കരയിലെ പൈലിങ് പൂർത്തിയായി. പുഴയിൽ സ്ഥാപിക്കുന്ന രണ്ടു തൂണുകളുടെ പൈലിങ് അവസാന ഘട്ടത്തിലാണ്. കാലവർഷം ശക്തിപ്രാപിക്കുന്നതിനുമുമ്പ് പ്രവൃത്തി പൂർത്തീകരിക്കാനാണ് ലക്ഷ്യം. ഇതോടൊപ്പമുള്ള അനുബന്ധ കോൺക്രീറ്റ് ബീമുകളുടെ നിർമാണപ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.
പൈലിങ് പ്രവൃത്തി ജനുവരിയോടെ പൂർത്തിയാക്കുമെന്ന് അധികൃതർ വ്യക്തമാക്കിയെങ്കിലും നീണ്ടുപോയി. കഴിഞ്ഞ തവണയുണ്ടായ കനത്ത മഴ നിർമാണപ്രവർത്തനങ്ങളെ ബാധിക്കുകയും പ്രവൃത്തി മന്ദഗതിയിലാക്കുകയുമുണ്ടായി. ഇ ഫൈവ് ഇൻഫ്രാസ്ട്രക്ചറൽ കമ്പനിക്കാണ് നിർമാണച്ചുമതല. ദേശീയപാത 66ൽ 2.1 കിലോമീറ്ററിൽ ആറു വരി പാതയോടുകൂടിയാണ് നിർമാണം നടക്കുന്നത്. ദേശീയപാത നിർമാണം പാലോളിപാലത്ത് ഒരു ഭാഗം പൂർത്തിയായതോടെ വാഹനങ്ങൾ കടത്തിവിട്ട് പഴയ പാത പൊളിച്ചുമാറ്റി നിർമാണപ്രവർത്തനങ്ങൾ ത്വരിതമാക്കി.
അതേസമയം, പാലംപണിയും ദേശീയപാത നിർമാണവും നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം ദുഷ്കരമാണ്. ചില സമയങ്ങളിൽ മണിക്കൂറുകൾ കുരുക്കഴിയാത്ത സ്ഥിതിയാണ്. അത്യാസന്നനിലയിലുള്ളവരെയും കൊണ്ടുപോകുന്ന ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ സാഹസികമായാണ് ഇതുവഴി കടന്നുപോകുന്നത്. അഴിയൂർ റീച്ചിൽപെടുന്ന നാദാപുരം റോഡ്, കെ.ടി ബസാർ ഉൾപ്പെടെയുള്ള ഭാഗങ്ങളിലും ദേശീയപാത വീതികൂട്ടുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട്.
പാലം പണി പൂർത്തിയാവുന്നതോടെ ഗതാഗതക്കുരുക്കിന് ആശ്വാസമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.