അഴിയാക്കുരുക്കിന് വിട; മൂരാട് പാലം തുറന്നു
text_fieldsവടകര: ദേശീയപാതയിലെ അഴിയാക്കുരുക്കിന് വിട. മൂരാട് പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു. ചൊവ്വാഴ്ച വൈകീട്ടോടെയാണ് ഔദ്യോഗിക പരിപാടികളില്ലാതെ അധികൃതർ പാലം താൽക്കാലികമായി തുറന്നത്. കരാർ കമ്പനിയായ ഹരിയാന ഇ-ഫൈവ് ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉദ്യോഗസ്ഥരെത്തി പാലത്തിൽ തേങ്ങയുടച്ച് വാഹനങ്ങൾ കടത്തിവിടുകയായിരുന്നു. കണ്ണൂർ-കോഴിക്കോട് ദേശീയപാതയിൽ കുറ്റ്യാടിപ്പുഴക്കു കുറുകെയാണ് പാലം നിർമിച്ചത്. ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി വടകര പാലോളിപ്പാലം മുതൽ മൂരാട് പാലം വരെയുള്ള വികസന പദ്ധതിയിലുൾപ്പെടുത്തിയാണ് പുതിയ പാലം നിർമിച്ചത്. പാലം നിർമാണത്തിനും അപ്രോച്ച് റോഡിന്റെ ഭൂമി ഏറ്റെടുക്കലിനുമായി 210 കോടി രൂപയിലധികമാണ് ചെലവഴിച്ചത്. 2021ൽ തുടക്കം കുറിച്ച പാലം നിർമാണം 2023 ഏപ്രിലിൽ പൂർത്തീകരിക്കാനായിരുന്നു ലക്ഷ്യമിട്ടത്. കാലവർഷവും പേമാരിയും പില്ലറുകളിലുണ്ടായ തകരാറും പ്രവൃത്തി വൈകാനിടയാക്കി.
പാലം നിർമാണത്തിന് 14 പില്ലറുകളാണ് ഇരുകരകളിലും പുഴയിലുമായി നിർമിച്ചത്. പുഴയിൽ നിർമിച്ച ഒരു പില്ലറിനുണ്ടായ ചരിവ് ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. വീണ്ടും ബലപ്പെടുത്തിയാണ് നിർമാണം പൂർത്തീകരിച്ചത്. 1940ൽ ക്ലാസ് ബി വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് മൂരാട് പഴയ പാലം നിർമിച്ചത്. 60 ടൺ ഭാരമുള്ള വാഹനങ്ങൾവരെ നിരന്തരം കടന്നുപോയിരുന്ന പാലം തകർച്ചഭീഷണിയിലാവുകയും ഗതാഗതക്കുരുക്കിൽ യാത്രക്കാർ വലയുകയും ചെയ്തതോടെ പുതുക്കിപ്പണിയാൻ നിരവധി സമരങ്ങളാണ് അരങ്ങേറിയത്. 136 മീറ്റർ നീളവും അഞ്ചു മീറ്റർ വീതിയുമുള്ള പാലം സംസ്ഥാനത്തെ ദേശീയപാതയിലെ ഇടുങ്ങിയ പാലങ്ങളിലൊന്നായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.