മൂരാട് പാലം പ്രവൃത്തി ഇഴയുന്നു
text_fieldsവടകര: ദേശീയപാതയിൽ മൂരാട് പാലത്തിന്റെ പ്രവൃത്തി ഇഴയുന്നു. ഗതാഗതക്കുരുക്കിൽ വലഞ്ഞ് യാത്രക്കാർ. 2022ൽ പൂർത്തിയാവേണ്ട പ്രവൃത്തിയാണ് ഇഴഞ്ഞുനീങ്ങുന്നത്. പാലത്തിന്റെ തൂണുകൾ ചരിഞ്ഞതുമൂലമുള്ള സുരക്ഷാപ്രശ്നത്തിന് പുതുതായി ഒരു തൂൺകൂടി നിർമിച്ച് പരിഹാരം കണ്ടിരുന്നു.
എന്നാൽ, ഗർഡർ സ്ഥാപിക്കുന്നതുൾപ്പെടെ പ്രവൃത്തിയാണ് നീളുന്നത്. പാലത്തിന്റെ മധ്യഭാഗത്ത് പൈലിങ് നടത്തി നിർമിച്ച ഒമ്പതു തൂണുകളിൽ രണ്ടെണ്ണമാണ് ജൂലൈയിലെ കനത്ത മഴയിലും പുഴയിലെ കുത്തൊഴുക്കിലും ചരിഞ്ഞനിലയിൽ കാണപ്പെട്ടത്. പൈലിങ് നടത്തി പൈൽ കാപ് സ്ഥാപിക്കുന്നതിനു മുമ്പേയായിരുന്നു വീഴ്ച കണ്ടെത്തിയത്. വിദഗ്ധ സംഘം പരിശോധിച്ച് കാര്യമായ പ്രശ്നമില്ലെന്ന് വിലയിരുത്തിയിരുന്നു. ലോഡ് ടെസ്റ്റ് നടത്തിയശേഷം സുരക്ഷാപ്രശ്നമില്ലെന്ന് വിധിയെഴുതിയെങ്കിലും സുരക്ഷ ഉറപ്പാക്കാനാണ് ഒരു തൂൺ അധികമായി നിർമിക്കാൻ തീരുമാനിച്ചത്.
മധ്യഭാഗത്തെ തൂണിൽ ഗർഡറുകൾ സ്ഥാപിച്ചശേഷം ഡിസംബറിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടത്. പിന്നെയുള്ളത് അനുബന്ധ റോഡ് നിർമാണമാണ്. ഇതും എങ്ങുമെത്താത്ത സ്ഥിതിയാണ്. ഇ ഫൈവ് ഇൻഫ്രാസ്ട്രക്ചർ കമ്പനിക്കാണ് പാലത്തിന്റെ നിർമാണച്ചുമതല. 210.21 കോടി രൂപയാണ് പാലോളി, മൂരാട് പാലം നിർമാണത്തിനും അനുബന്ധ റോഡുകൾക്കും ഭൂമി ഏറ്റെടുക്കലിനുമായി ചെലവഴിക്കുന്നത്. കാലവർഷവും പുഴയിലെ കുത്തൊഴുക്കും പാലത്തിന്റെ നിർമാണത്തിന് പലപ്പോഴും തടസ്സം നേരിടാനിടയാക്കിയിരുന്നു.
മൂരാട് പാലം പണിയും ദേശീയപാത നിർമാണവുമുൾപ്പെടെ നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം ദുഷ്കരമാണ്. ചില സമയങ്ങളിൽ മണിക്കൂറുകൾ കുരുക്കഴിയാത്ത സ്ഥിതിയാണ്. അത്യാസന്ന നിലയിലുള്ളവരെയും കൊണ്ട് പോകുന്ന ആംബുലൻസ് ഉൾപ്പെടെ വാഹനങ്ങൾ സാഹസികമായാണ് ഇതുവഴി കടന്നുപോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.