മുക്കാളി റെയിൽവേ സ്റ്റേഷൻ അടച്ചുപൂട്ടാൻ നീക്കം
text_fieldsവടകര: മുക്കാളി റെയിൽവേ സ്റ്റേഷനിൽ നിർത്തുന്ന ട്രെയിനുകൾ വെട്ടിച്ചുരുക്കി അടച്ചുപൂട്ടുമെന്ന സൂചന നൽകി റെയിൽവേ. ഇതിനെതിരെ ജനകീയ പ്രക്ഷോഭവുമായി നാട്ടുകാർ രംഗത്തെത്തി.
പതിറ്റാണ്ടുകളായി യാത്രക്കാർ ആശ്രയിക്കുന്ന മുക്കാളി റെയിൽവേ സ്റ്റേഷന് കോവിഡ് കാലത്താണ് അവഗണന തുടങ്ങിയത്. കോവിഡ് കാലം വരെ 10 ട്രെയിനുകള്‍ക്ക് സ്റ്റോപ്പുണ്ടായിരുന്ന മുക്കാളിയില്‍ നാലു ട്രെയിനുകള്‍ മാത്രമാണ് നിലവിൽ നിര്‍ത്തുന്നത്. ഹാൾട്ട് സ്റ്റേഷനുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയാണ് സ്റ്റേഷനെ ഇല്ലായ്മ ചെയ്യാൻ നീക്കം നടക്കുന്നത്.
സ്റ്റേഷനിൽ നിർത്തുന്ന ട്രെയിനുകൾ ഒറ്റയടിക്ക് വെട്ടിച്ചുരുക്കിയത് കലക്ഷനെ ബാധിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടി ലാഭകരമല്ലാത്ത സ്റ്റേഷനുകളിൽ ഉൾപ്പെടുത്തിയാണ് സ്റ്റേഷൻ പൂട്ടാനുള്ള നീക്കം നടക്കുന്നത്.
റെയിൽവേയുടെ ഉന്നത ഉദ്യോഗസ്ഥരുമായി വിഷയം ജനപ്രതിനിധികൾ ഉൾപ്പെടെ ശ്രദ്ധയിൽപെടുത്തിയിട്ടും നിർത്തലാക്കിയ ട്രെയിനുകൾ പുനഃസ്ഥാപിക്കാൻ നടപടികൾ ഉണ്ടായിട്ടില്ല. കോവിഡിൽ നിർത്തലാക്കിയ ട്രെയിനുകൾ പല സ്റ്റേഷനുകളിലും പുനഃസ്ഥാപിച്ചിട്ടുണ്ട്. എന്നിട്ടും മുക്കാളിയെ അവഗണിക്കുകയാണുണ്ടായത്. ട്രെയിനുകൾ കൂട്ടത്തോടെ നിർത്തിയതിനാൽ വ്യാപാരികൾ, വിദ്യാർഥികൾ, ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ വലയുകയാണ്. മുക്കാളി റെയിൽവേ സ്റ്റേഷന് 120ഓളം വർഷം പഴക്കമുണ്ട്. ചരിത്രത്തിന്റെ ഭാഗമായ സ്റ്റേഷനെയാണ് ഇല്ലായ്മ ചെയ്യുന്നത്. നേരത്തേ എം.പി. ഫണ്ടിൽനിന്ന് തുക അനുവദിച്ചിട്ടാണ് ഇരു പ്ലാറ്റ്ഫോമുകളുടെയും നീളം കൂട്ടി അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ചത്.
റെയിൽവേയുടെ അവഗണനക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാൻ അഴിയൂർ ഗ്രാമപഞ്ചായത്ത് സർവകക്ഷി യോഗം തീരുമാനിച്ചു. ജനപ്രതിനിധികൾ, സാമൂഹിക-രാഷ്ട്രീയ-യുവജന സംഘടനകൾ, റെസിഡന്റ്സ് അസോസിയേഷൻ, വ്യാപാരി സംഘടനകൾ എന്നിവരുടെ നേതൃത്വത്തിൽ ബഹുജന സംഗമം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.