മുക്കാളി റെയിൽവേ സ്റ്റേഷൻ അവഗണനയിൽ
text_fieldsവടകര: റെയിൽവേ സ്റ്റേഷനുകൾ ആധുനികവത്കരിക്കുമ്പോൾ മുക്കാളി റെയിൽവേ സ്റ്റേഷന് അവഗണന. കോവിഡ് കാലത്താണ് അവഗണനക്ക് തുടക്കമിട്ടത്. നേരത്തെയുണ്ടായിരുന്ന പല ട്രെയിനുകളും നിർത്തുന്നത് ഒഴിവാക്കി. പതിറ്റാണ്ടുകളായി സാധാരണക്കാർ ഉപയോഗിച്ച് വരുന്ന സ്റ്റേഷനിൽ അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ല.
റെയിൽവേ സ്റ്റേഷൻ വികസനത്തിൽ പല സ്റ്റേഷനുകളും പരിഗണിക്കപ്പെട്ടപ്പോൾ മുക്കാളി അവഗണിക്കപ്പെടുകയായിരുന്നു. കാടുമൂടിയ റെയിൽവേ സ്റ്റേഷൻ പരിസരം കഴിഞ്ഞ ദിവസം ജനകീയ പങ്കാളിത്തത്തോടെ വെട്ടിത്തെളിക്കുകയാണുണ്ടായത്.
മഴയും വെയിലുമേൽക്കാതെ സ്റ്റേഷനിൽ ട്രെയിൻ കാത്തുനിൽക്കാനിടമില്ല. റെയിൽവേ സ്റ്റേഷൻ നവീകരിക്കണമെന്ന് എം.പി.മാരും റെയിൽവേ ഉപദേശക സമിതി അംഗങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും രാഷ്ട്രീയ-സാമൂഹ്യ സംഘടനകളുമെല്ലാം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിട്ടും അവഗണിക്കുകയായിരുന്നു.
ചോമ്പാൽ മത്സ്യബന്ധന തുറമുഖത്തേക്ക് റെയിൽവേ സ്റ്റേഷനിൽ നിന്നും ഒന്നര കിലോമീറ്റർ ദൂരമേയുള്ളൂ. ജില്ലക്ക് പുറത്തുനിന്നടക്കമുള്ള തൊഴിലാളികളും കച്ചവടക്കാരും മുക്കാളി സ്റ്റേഷനെയാണ് യാത്രക്ക് ഉപയോഗിച്ചിരുന്നത്.
നേരത്തെ നിർത്തിയ ട്രെയിനുകൾ നിർത്തലാക്കിയതോടെ യാത്ര മറ്റ് വഴികളിലായി. ഉദ്യോഗസ്ഥരും തൊഴിലാളികളും വിദ്യാർഥികളടക്കമുള്ളവർ ട്രെയിൻ യാത്ര ഉപയോഗപ്പെടുത്തുന്നതിനാൽ വരുമാനത്തിലും സ്റ്റേഷൻ മോശമല്ലാത്ത അവസ്ഥയിലാണ്.
റെയിൽവേ സ്റ്റേഷനുകളുടെ പുനരുദ്ധാരണത്തിന് കോടികൾ അനുവദിച്ചപ്പോൾ അടിസ്ഥാന സൗകര്യങ്ങളില്ലാത്ത മുക്കാളി സ്റ്റേഷനെ അവഗണിച്ചതിൽ പ്രതിഷേധം ശക്തമാണ്. ട്രെയിൻ യൂസേസ് ഫോറം റെയിൽവേ സ്റ്റേഷൻ വികസനത്തിൽ അധികൃതർ കാട്ടുന്ന അവഗണനക്കെതിരെ നിരവധി പരാതികൾ നൽകുകയുണ്ടായി. എന്നാൽ, അവഗണനയായിരുന്നു ഫലം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.