വടകര താലൂക്ക് ഓഫിസിലെ തീപിടിത്തം; അണയാതെ ദുരൂഹത
text_fieldsജീവൻ മറന്ന് രക്ഷാപ്രവർത്തനം
വടകര: താലൂക്ക് ഓഫിസിലുണ്ടായ തീപിടിത്തത്തിൽ ജീവൻ മറന്ന് രക്ഷാപ്രവർത്തനം. ഫയർഫോഴ്സ്, സിവിൽ ഡിഫൻസ്, ചുമട്ടുതൊഴിലാളികൾ, നാട്ടുകാർ, സർവ സന്നാഹങ്ങളുമായെത്തിയ യു.എൽ.സി.സിയുടെ പ്രത്യേക പരിശീലനം ലഭിച്ച വളൻറിയർമാർ എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ മുന്നിട്ടിറങ്ങിയത്. തീ ആളിക്കത്തിയ കെട്ടിടത്തിലേക്ക് അഗ്നിശമന സേന വെള്ളം ചീറ്റുന്നതിനിടയിലും ഓഫിസ് രേഖകൾ പലതും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനാണ് ആദ്യം സ്ഥലത്തെത്തിയ നാട്ടുകാരും മറ്റും ശ്രമിച്ചത്. ഓടിട്ട കെട്ടിടത്തിൽനിന്ന് തീയും കത്തിയ ഭാഗങ്ങളും താഴേക്ക് പതിച്ചത് ഏറെ അപകട ഭീഷണി ഉയർത്തിയിരുന്നു.
ഇതിനിടയിലൂടെയാണ് രക്ഷാപ്രവർത്തനത്തിന് എത്തിയവർ കെട്ടിടത്തിനുള്ളിൽ പ്രവേശിച്ച് ബാക്കിയായ ഫയലുകൾ നീക്കിയത്. തീപിടിത്ത വിവരമറിഞ്ഞ് ജീവനക്കാരും പുലർച്ചയോടെ സ്ഥലത്ത് എത്തിയിരുന്നു. വരിയായിനിന്ന് കൈയിൽ കിട്ടിയ ഫയലുകൾ തീ കെടുത്തിയും മറ്റും പുറത്തെത്തിക്കുകയുണ്ടായി. താലൂക്ക് ഓഫിസിനു സമീപം, സബ് ട്രഷറി, രജിസ്ട്രാർ ഓഫിസ്, സബ് ജയിൽ, താലൂക്ക് ഇലക്ഷൻ വിഭാഗം, സിവിൽ സ്റ്റേഷൻ ഓഫിസുകൾ എന്നിവ പ്രവർത്തിക്കുന്നുണ്ട്. ഈ സ്ഥാപനങ്ങളിലേക്ക് തീ പടരാതിരിക്കാൻ അഗ്നിരക്ഷ സേന തീവ്ര ശ്രമമാണ് നടത്തിയത്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണി വരെ രക്ഷാപ്രവർത്തനം തുടർന്നു. വനിത ജീവനക്കാരടക്കം പങ്കാളികളായി. ഇതിനിടെ പലരും ക്ഷീണിതരായി. വെള്ളവും ഭക്ഷണവുമെത്തിച്ചും പലരും സജീവമായി. കൂടാതെ, സമീപ ഓഫിസുകളിലെ ജീവനക്കാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. നഗരസഭ ചെയർപേഴ്സൻ കെ.പി. ബിന്ദുവിെൻറ നേതൃത്വത്തിൽ നഗരസഭ ജീവനക്കാരും രക്ഷാപ്രവർത്തനത്തിൽ എത്തിയിരുന്നു.
ജനം ആശങ്കയിൽ
വടകര: തീപിടിത്തത്തിൽ നഷ്ടമായത് അരലക്ഷത്തോളം ഫയലുകൾ. മിച്ചഭൂമി നാല് സെൻറ് പട്ടയം, ലാൻഡ് അസെയ്ൻമെൻറ് പട്ടയം ഉൾപ്പെടെയുള്ളവയുടെ ഒറിജിനൽ കോപ്പികൾ കത്തി നശിച്ചവയിൽ ഉൾപ്പെടും. 2019 നവംബർ മുതലുള്ള ഇ- ഫയലുകൾ നഷ്ടമായെങ്കിലും ഇവ വീണ്ടെടുക്കാനാകുമെന്നത് പ്രതീക്ഷ നൽകുന്നുണ്ട്.
എന്നാൽ, കമ്പ്യൂട്ടറൈസ്ഡ് ചെയ്യാത്ത 13000 ഫയലുകൾ 10 സെക്ഷനുകളിലായി കത്തി നശിച്ചവയിൽ ഉൾപ്പെടും. ഇവ എങ്ങനെ വീണ്ടെടുക്കുമെന്നത് ചോദ്യ ചിഹ്നമായി മാറിയിട്ടുണ്ട്. നൂറുകണക്കിന് ആളുകളാണ് വിവിധങ്ങളായ ആവശ്യങ്ങൾക്ക് വില്ലേജ് ഓഫിസുകൾ മുഖേന അപേക്ഷ നൽകി തീർപ്പ് കൽപ്പിച്ചുകിട്ടാൻ കാത്തിരിക്കുന്നത്. നിരവധി സർക്കാർ ഓഫിസുകൾ കയറി ഇറങ്ങി ലഭിച്ച രേഖകൾ വീണ്ടും സംഘടിപ്പിക്കാൻ നെട്ടോട്ടം ഓടേണ്ടിവരുമോ എന്നത് പലരെയും ആശങ്കപ്പെടുത്തുന്നുണ്ട്. നഷ്ടപ്പെട്ട ഫയലുകൾ തിരികെ എത്തിക്കാൻ ഉദ്യോഗസ്ഥരും വിയർക്കേണ്ടി വരും.
വില്ലേജ് ഓഫിസുകൾ മുഖേന ചിലത് തിരിച്ചു കൊണ്ടുവരാൻ കഴിയുമെങ്കിലും മറ്റ് പലതിനും കഠിനാധ്വാനം ചെയ്യേണ്ടി വരും. 68 താലൂക്ക് ഓഫിസ് ജീവനക്കാരുടെയും 200 വില്ലേജ് ജീവനക്കാരുടെയും സർവിസ് രേഖകൾ നശിച്ചതിനാൽ ജീവനക്കാരും അസ്വസ്ഥരാണ്. 1907ൽ താലൂക്ക് ഓഫിസും കോടതിയും ഒരേ കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. 1985ൽ കോടതി സ്വന്തം കെട്ടിടത്തിലേക്ക് മാറി. 2017 ൽ സർക്കാർ പൈതൃക സ്മാരകമായി പ്രഖ്യാപിച്ച കെട്ടിടമാണ് ഓർമയായത്.
അന്വേഷണത്തിന് പ്രത്യേകസംഘം
വടകര: താലൂക്ക് ഓഫിസിലെ തീപിടിത്തം അന്വേഷിക്കാൻ പ്രത്യേകസംഘം രൂപവത്കരിച്ചതായി സ്ഥലം സന്ദർശിച്ച റൂറൽ ജില്ല പൊലീസ് മേധാവി ഡോ.എ. ശ്രീനിവാസ് അറിയിച്ചു. ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ആർ. ഹരിദാസിെൻറ നേതൃത്വത്തിൽ ഒമ്പതംഗ പ്രത്യേക അന്വേഷണ സംഘത്തിനാണ് ചുമതല നൽകിയത്. അട്ടിമറിസാധ്യത ഉൾെപ്പടെ കാര്യങ്ങൾ അന്വേഷണ പരിധിയിൽവരും. കഴിഞ്ഞ ഞായർ, തിങ്കൾ ദിവസങ്ങളിലായി സമീപത്തെ എൽ.എ.എൻ.എച്ച് ഓഫിസിലെ ശുചിമുറിയിൽ മാലിന്യം കൂട്ടിയിട്ട് തീയിടുകയും ക്ലോസറ്റ് അടക്കമുള്ള സാധനങ്ങൾ നശിക്കുകയും മുറിയുടെ ചുമരിൽ തെലുങ്ക് ഭാഷയിൽ ചുമരെഴുത്തും നടത്തിയിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി ഡി.ഇ.ഒ ഓഫിസിലെ ശുചിമുറിയിലും സമാനമായ സംഭവം ഉണ്ടായിരുന്നു. ഇരുസംഭവത്തിലും പരാതിപ്രകാരം വടകര പൊലീസ് കേസെടുത്തിരുന്നു. സ്ഥലത്തെത്തിയ റൂറൽ എസ്.പി നേരേത്ത സംഭവം നടന്ന സ്ഥലം പൂട്ടി സീൽ ചെയ്ത് പൊലീസ് സംരക്ഷണം ഏർപ്പെടുത്താൻ നിർദേശം നൽകി. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ, ഫോറൻസിക്, ഇലക്ട്രിക്കൽ ഇൻസ്പെക്ഷൻ എന്നിവർ പരിശോധന നടത്തി. തഹസിൽദാർ, ജില്ല വിദ്യാഭ്യാസ ഓഫിസർ, താലൂക്ക് ഓഫിസ് ജീവനക്കാർ എന്നിവരിൽനിന്നും അന്വേഷണ സംഘം മൊഴിയെടുത്ത് അന്വേഷണം തുടങ്ങി.
നഷ്ടം വിലമതിക്കാനാവാത്തത് –മന്ത്രി കെ. രാജൻ
വടകര: തീപിടിത്തത്തിലുണ്ടായ നഷ്ടം വിലമതിക്കാനാവാത്തതാണെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. പൈതൃക കെട്ടിടവും രേഖകളും ഉൾപ്പെടെ നശിച്ചിട്ടുണ്ട്. രേഖകൾ നഷ്ടപ്പെട്ടത് വിലമതിക്കാനാവില്ല. ഓഫിസ് പ്രവർത്തനം തിങ്കൾ മുതൽ ട്രഷറി ഓഫിസിനു സമീപത്തെ കെട്ടിടത്തിൽ ആരംഭിക്കും.
ഹെൽപ് െഡസ്ക് താൽക്കാലിക താലൂക്ക് ഓഫിസിൽ ആരംഭിക്കും. ഫയലുമായി ബന്ധപ്പെട്ട് ആർക്കും ഹെൽപ് ഡെസ്ക്കിനെ സമീപിക്കാം. ആവശ്യമെങ്കിൽ മന്ത്രി ഉൾപ്പെടെ പങ്കെടുത്ത് അദാലത്തും സംഘടിപ്പിക്കും. പ്രളയ സമയത്ത് ചെയ്തതുപോലുള്ള നടപടി ഉണ്ടാവും. സ്ഥിരം കെട്ടിടം നിർമിക്കാൻ ഉടൻ നടപടി സ്വീകരിക്കും.
തീപിടിത്തവുമായി ബന്ധപ്പെട്ട് സമഗ്രാന്വേഷണം നടക്കും. സമീപ കെട്ടിടങ്ങളിലുണ്ടായ തീപിടിത്തങ്ങളും അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.
വകുപ്പുകൾ ഏകോപിപ്പിച്ച് അന്വേഷണം നടത്തും –മന്ത്രി റിയാസ്
വടകര: താലൂക്ക് ഓഫിസിലുണ്ടായ തീപിടിത്തം സംബന്ധിച്ച് മൂന്ന് വകുപ്പുകൾ ഏകോപിപ്പിച്ച് അന്വേഷണം നടത്തുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. പൊലീസ്, റവന്യൂ, കെ.എസ്.ഇ.ബി വകുപ്പുകളുടെ സംയുക്ത അന്വേഷണം ഡെപ്യൂട്ടി കലക്ടർ ഏകോപിപ്പിക്കും.
സമഗ്രാന്വേഷണം നടത്തി നിജഃസ്ഥിതി പുറത്തുകൊണ്ടുവരണമെന്ന് മന്ത്രി പറഞ്ഞു. അന്വേഷണ റിപ്പോർട്ട് വന്നാൽ തുടർനടപടി സ്വീകരിക്കും. ഡിജിറ്റൽ അല്ലാത്ത രേഖകൾ വീണ്ടെടുക്കുന്നത് സംബന്ധിച്ച് പിന്നീട് തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.
ഉത്തരം കിട്ടാതെ തൊട്ടടുത്ത കെട്ടിടത്തിലെ തീവെപ്പ്
വടകര: താലൂക്ക് ഓഫിസ് കെട്ടിടത്തിന് തീപിടിത്തമുണ്ടായ സംഭവത്തിൽ ദുരൂഹത. കഴിഞ്ഞ ദിവസങ്ങളിൽ തൊട്ടടുത്ത രണ്ട് ഓഫിസുകളിലുണ്ടായ തീപിടിത്തമാണ് ഇതിലേക്ക് വിരൽചൂണ്ടുന്നത്. കഴിഞ്ഞ ഞായറാഴ്ചയും തിങ്കളാഴ്ചയുമാണ് തൊട്ടടുത്ത കെട്ടിടത്തിൽ തീവെപ്പ് ഉണ്ടായത്. ദേശീയപാത സ്പെഷൽ തഹസിൽദാർ (എൽ.എ.എൻ.എച്ച്), ജില്ല വിദ്യാഭ്യാസ ഓഫിസ് (ഡി.ഇ.ഒ) എന്നിവിടങ്ങളിലെ ശുചിമുറികളിലാണ് അഗ്നിബാധ ഉണ്ടായത്.
എൽ.എ.എൻ.എച്ച് ഓഫിസ് കെട്ടിടത്തിലെ ശുചിമുറിയുടെ ക്ലോസറ്റ് പൂർണമായും പൊട്ടിത്തെറിച്ച നിലയിലാണ്. ഡി.ഇ.ഒ ഓഫിസിലെ ശുചിമുറിയുടെ ക്ലോസറ്റിൽ തീ കൊളുത്തിയ നിലയിലാണ്. സംഭവത്തിൽ പരാതി നൽകിയെങ്കിലും സംഭവം പൊലിസ് വേണ്ട രീതിയിൽ അന്വേഷിക്കാത്തതാണ് വീണ്ടും തീക്കളി ആവർത്തിച്ചതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.
കെട്ടിടത്തിനുള്ളിൽ ആർക്കും കയറാവുന്ന അവസ്ഥയാണ്. രണ്ട് ഓഫിസിനു മുകളിലേക്ക് കയറുന്നിടത്ത് ഗ്രിൽസ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അടക്കാറില്ല. താലൂക്ക് ഓഫിസിൽ സുരക്ഷ സംവിധാനമോ സി.സി ടി.വിയോ സെക്യൂരിറ്റി ജീവനക്കാരോ നിലവിലില്ലാത്തത് വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. ഷോർട്ട് സർക്യൂട്ട് മൂലമാണ് അപകടമെന്ന വാദം വൈദ്യുതി വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. അടുത്ത കാലത്താണ് ഓഫിസിെൻറ വയറിങ് ഉൾപ്പെടെ നവീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.