ദേശീയപാത വികസനം; കുഞ്ഞിപ്പള്ളിയിൽ ഉയരപ്പാത നിർമിക്കും
text_fieldsവടകര: ആശങ്കക്ക് വിരാമമായി കുഞ്ഞിപ്പള്ളിയിൽ ദേശീയപാത വികസനത്തിന്റെ ഭാഗമായി ഉയരപ്പാത നിർമിക്കും. കെ. മുരളീധരൻ എം.പിയുടെ നേതൃത്വത്തിൽ കേന്ദ്ര ഗതാഗത മന്ത്രി നിധിൻ ഗഡ്കരിക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് ഉയരപ്പാത നിർമിക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയത്.
ഇതുസംബന്ധിച്ച് പ്രവർത്തനങ്ങൾ നടത്താൻ സംസ്ഥാനത്തിന്റ ചുമതലയുള്ള ദേശീയപാത ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി. പുരാതനമായ കുഞ്ഞിപ്പള്ളി ഖബർസ്ഥാൻ ഭൂമി ദേശീയപാത വികസനത്തിന് ഏറ്റെടുക്കുന്നതിൽനിന്ന് ഒഴിവാക്കിത്തരണമെന്ന് എം.പിയുടെ നേതൃത്വത്തിലുള്ള നിവേദക സംഘം ആവശ്യപ്പെട്ടു. ദേശീയപാത വികസിപ്പിക്കുമ്പോൾ കുഞ്ഞിപ്പള്ളി ടൗൺ രണ്ടായി വിഭജിക്കപ്പെടുന്നത് പ്രതിഷേധത്തിനിടയാക്കിയിരുന്നു.
സ്ഥലം സന്ദർശിച്ച ദേശീയപാത ഉന്നത ഉദ്യോഗസ്ഥർക്ക് മുന്നിൽ വ്യാപാരികൾ, കർമസമിതി ഉൾപ്പെടെയുള്ളവർ ആശങ്ക അറിയിച്ചെങ്കിലും നടപടികൾ ഉണ്ടായിരുന്നില്ല. പാത രണ്ടായി വിഭജിക്കപ്പെടുമ്പോൾ അഴിയൂർ പള്ളി ഉൾപ്പെടെയുള്ള ഭാഗങ്ങൾ ഒറ്റപ്പെടുമെന്ന് ചൂണ്ടിക്കാണിച്ചിരുന്നു.
വടകര നഗരത്തിൽ ഉയരപ്പാത പുതിയ സ്റ്റാൻഡ് ജങ്ഷൻ മുതൽ അടക്കാത്തെരുവരെ നിർമിക്കാൻ നേരത്തേ അനുമതി ലഭിച്ചിട്ടുണ്ട്. അഴിയൂര്‍ ബൈപാസ്, മൂരാട് മുതല്‍ പാലോളിപ്പാലം, രാമനാട്ടുകര മുതല്‍ വെങ്ങളം എന്നിങ്ങനെ മൂന്ന് റീച്ചായിട്ടാണ് ആറുവരിപ്പാതയാക്കുന്നത്.
ജില്ലയിൽ രാമനാട്ടുകര മുതല്‍ അഴിയൂര്‍ വരെ 102 കിലോമീറ്റര്‍ ദൂരത്തിലാണ് ദേശീയപാത 66 കടന്നുപോകുന്നത്. ദേശീയപാതയിൽ ചീനംവീട് യു.പി സ്കൂൾ മുതൽ അരവിന്ദ്ഘോഷ് റോഡ് വരെയുള്ള ഭാഗം ഉയർത്തി കോൺക്രീറ്റ് ചെയ്ത് പുതിയ റോഡ് നിർമിച്ചുകഴിഞ്ഞു. പെരുവാട്ടുംതാഴെ, കൈനാട്ടി എന്നിവിടങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. എം.പിയോടൊപ്പം മന്ത്രിക്ക് നിവേദനം നൽകാൻ ടി.ജി. നാസർ, എം. ഇസ്മായിൽ, ചെറിയ കോയ തങ്ങൾ, ഹമീദ് എരിക്കിൽ, എ.വി. സനീദ് എന്നിവരുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.