ദേശീയപാത വികസനം: ചോറോട് മുന്നറിയിപ്പില്ലാതെ റോഡ് അടച്ചു; യാത്രക്കാർ ദുരിതത്തിൽ
text_fieldsവടകര: ദേശീയപാത വികസനത്തിന്റെ ഭാഗമായി ചോറോട് അർധരാത്രിയിൽ മുന്നറിയിപ്പില്ലാതെ റോഡ് അടച്ചത് യാത്രക്കാർക്ക് ദുരിതമായി. ദേശീയപാതയിൽനിന്ന് ചോറോട്-ഓർക്കാട്ടേരി, ഭാഗത്തേക്ക് ഉൾപ്പെടെ എത്തിച്ചേരാനുള്ള പ്രധാന റോഡാണ് നാട്ടുകാർപോലും അറിയാതെ നിർമാണ കമ്പനി ഞായറാഴ്ച അർധരാത്രിയോടെ അടച്ചുപൂട്ടിയത്. ഇതോടെ ചോറോട് ഗവ. സ്കൂൾ, റാണി പബ്ലിക് സ്കൂൾ, ആശുപത്രി, ബാങ്ക് തുടങ്ങി നിരവധി സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന പ്രദേശം ഒറ്റപ്പെട്ടു.
ദേശീയപാതയിൽനിന്ന് കൈനാട്ടി വഴി വട്ടംകറങ്ങി കിലോമീറ്ററുകൾ സഞ്ചരിച്ചാൽ മാത്രമേ നിലവിൽ ചോറോടെത്താൻ കഴിയുകയുള്ളൂ. സർവിസ് റോഡോ ബദൽ സംവിധാനമോ ഏർപ്പെടുത്താതെയാണ് കൂറ്റൻ കോൺക്രീറ്റ് ഭാഗങ്ങൾകൊണ്ട് റോഡ് അടച്ചത്. ഇതോടെ ഓട്ടോ തൊഴിലാളികളും യാത്രക്കാരില്ലാതെ പെരുവഴിയിലായി. നാട്ടുകാർ പ്രതിഷേധവുമായി കരാർ കമ്പനിയുടെ ഓഫിസിലെത്തിയെങ്കിലും കൈമലത്തുകയാണുണ്ടായത്. വൈകീട്ടോടെ ചെറിയ ഭാഗം തുറന്നുകൊടുത്തെങ്കിലും ബസുൾപ്പെടെയുള്ള വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. ചോറോട് റെയിൽവേ മേൽപാതയുടെ നിർമാണത്തിന്റെ ഭാഗമായാണ് റോഡ് അടച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.