ദേശീയപാത വികസനം; കുടിവെള്ള പൈപ്പുകൾ പൊട്ടുന്നത് ദുരിതമാകുന്നു
text_fieldsവടകര: ദേശീയപാത വികസനത്തിന്‍റെ ഭാഗമായി റോഡിലൂടെ കടന്നുപോകുന്ന കുടിവെള്ള പൈപ്പുകൾ മാറ്റിസ്ഥാപിക്കാത്തത് ദുരിതമാകുന്നു. നിർമാണ പ്രവർത്തനത്തിന്റെ ഭാഗമായി പൈപ്പുകൾ അടിക്കടി പൊട്ടുന്നത് കുടിവെള്ള ക്ഷാമം രൂക്ഷമാക്കുന്നുണ്ട്. പാലോളിപ്പാലത്ത് കഴിഞ്ഞ ദിവസം പൈപ്പ് പൊട്ടി കുളം രൂപപ്പെട്ടിരുന്നു. റോഡിന്‍റെ നിർമാണത്തിനിടെതന്നെ ഇത്തരം പൈപ്പുകൾ റോഡിന്‍റെ അരികിലേക്ക് മാറ്റി സ്ഥാപിച്ചില്ലെങ്കിൽ നിർമാണം പൂർത്തിയാവുന്നതോടെ പ്രശ്നങ്ങൾക്കിടയാക്കും. അഴിയൂരിൽ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടിയത് ആഴ്ചകളോളം മേഖലയിൽ കുടിവെള്ളം മുടങ്ങാൻ ഇടയാക്കി.
പൈപ്പ് പൊട്ടിയ സ്ഥലം കണ്ടെത്താൻ വൈകിയതാണ് കുടിവെള്ളം നിലക്കാൻ ഇടയാക്കിയത്. നൂറു കണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന ദേശീയപാതയിൽ പൈപ്പ് പൊട്ടി വെള്ളം കുഴികളിൽ നിറയുന്നത് അപകടം വിളിച്ചുവരുത്തുന്നുണ്ട്.
ദേശീയപാതയുടെ അഴിയൂർ രണ്ടാം റീച്ചിന്‍റെ ഭാഗമായി റോഡ് വീതികൂട്ടുന്ന പ്രവൃത്തിക്ക് തുടക്കമായി. മേഖലയിലൂടെ നിരവധി ചെറുകിട കുടിവെള്ള പദ്ധതികളുടേതടക്കം പൈപ്പുകൾ കടന്നുപോകുന്നുണ്ട്.
വ്യക്തമായ ആസൂത്രണമില്ലാതെ പലഭാഗങ്ങളും കുത്തിപ്പൊളിക്കുന്നതായി ആക്ഷേപമുണ്ട്. കരാർ കമ്പനിയുടേതെന്ന് പറഞ്ഞ് പൊളിച്ചുമാറ്റിയ കെട്ടിട നിർമാണ സാമഗ്രികളടക്കം നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി കടത്തുന്നതായും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.