ദേശീയപാത വികസനം; പെരുവാട്ടുംതാഴെ മേൽപാലം പണി പുരോഗമിക്കുന്നു
text_fieldsവടകര: ദേശീയപാത വികസനത്തിന്റെ ഭാഗമായി വടകര നഗരത്തോട് ചേർന്ന് പെരുവാട്ടുംതാഴെ മേൽപാലം പണി പുരോഗമിക്കുന്നു. ഒരിടവേളക്ക് ശേഷം നിർത്തിവെച്ച പ്രവൃത്തി വീണ്ടും പുനരാരംഭിക്കുകയും ഇഴഞ്ഞുനീങ്ങിയ പ്രവൃത്തിക്ക് വേഗത കൈവരിക്കുകയും ചെയ്തിട്ടുണ്ട്. ഒരുഭാഗത്തേക്കുള്ള തൂണുകളുടെ നിർമാണം പൂർത്തിയായി ഗർഡറുകൾ സ്ഥാപിക്കുകയായിരുന്നു. നിലവിൽ ഇതോട് ചേർന്ന് മറുഭാഗത്തെ തൂണുകളുടെ നിർമാണ പ്രവൃത്തിയാണ് തുടങ്ങിയത്.
നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ദേശീയ പാത രണ്ടായി ഭാഗിച്ചാണ് ഗതാഗതം. മേൽ പാലത്തിന്റെ നിർമാണച്ചുമതല വാഗഡ് കമ്പനിക്കാണ്. അഴിയൂര്‍ ബൈപാസ്, മൂരാട് മുതല്‍ പാലോളിപ്പാലം, രാമനാട്ടുകര മുതല്‍ വെങ്ങളം എന്നിങ്ങനെ മൂന്ന് റീച്ചായിട്ടാണ് ആറുവരിപ്പാതയാക്കുന്നത്. ജില്ലയിൽ രാമനാട്ടുകര മുതല്‍ അഴിയൂര്‍ വരെ 102 കിലോമീറ്റര്‍ ദൂരത്തിലാണ് ദേശീയപാത 66 കടന്നുപോകുന്നത്.
ദേശീയ പാതയിൽ ചീനംവീട് യു.പി സ്കൂൾ മുതൽ അരവിന്ദ്ഘോഷ് റോഡ് വരെയുള്ള ഭാഗം ഉയർത്തി കോൺക്രീറ്റ് ചെയ്ത് പുതിയ റോഡ് നിർമിച്ചു കഴിഞ്ഞു. വടകര നഗരത്തിൽ ഉയരപ്പാത പുതിയ സ്റ്റാൻഡ് ജങ്ഷൻ മുതൽ അടക്കാത്തെരുവരെ നിർമിക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്.
ഇതിന്റെ നിർമാണ പ്രവർത്തനങ്ങളുടെ മുന്നോടിയായി സർവിസ് റോഡ് നിർമാണം തുടങ്ങിയിട്ടുണ്ട്. ഉയരപാത നിർമാണത്തിന്റെ ഭാഗമായുള്ള മണ്ണ് പരിശോധന പൂർത്തിയായിട്ടുണ്ട്. കൈനാട്ടി ജങ്ഷനിൽ മേൽപാലം നിർമാണത്തിന്റെ ഭാഗമായി തൂണുകളുടെ നിർമാണം പുരോഗമിക്കുന്നുണ്ട്.
മുക്കാളിക്കും ബ്ലോക്ക് ഓഫിസിനും ഇടയിലായി ടോൾ പ്ലാസ, കുഞ്ഞിപ്പള്ളി, നാദാപുരം റോഡ്, കണ്ണൂക്കര തുടങ്ങിയ സ്ഥലങ്ങളിൽ അടിപ്പാതയുടെ പണി നടക്കേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.