ദേശീയപാത വികസനം: ഊരാളുങ്കൽ സൊസൈറ്റിയുടെ ആസ്ഥാനമന്ദിരം ഓർമയാകുന്നു
text_fieldsവടകര: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റിയുടെ അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ആസ്ഥാന മന്ദിരം പൊളിച്ചുനീക്കുന്നു. സൊസൈറ്റിയുടെ, ഊരാളുങ്കലിലെയും പരിസരപ്രദേശങ്ങളുടെയും വികസനത്തിലും ജനങ്ങളുടെ ക്ഷേമത്തിലും കുട്ടികളുടെ വിദ്യാഭ്യാസത്തിലും സുപ്രധാന പങ്കു വഹിച്ച തീരുമാനങ്ങൾ എടുത്ത മന്ദിരമാണ് ഓർമയാകുന്നത്. 1925ൽ പിറവിയെടുത്ത സൊസൈറ്റിയുടെ ആദ്യത്തെ ഓഫിസ് നാദാപുരം റോഡ് റെയില്വേ സ്റ്റേഷനടുത്ത് വാടകക്കെട്ടിടത്തിലായിരുന്നു.
സ്ഥാപകരിലൊരാളായ പാലേരി ചന്തമ്മന്റെ കുടുംബത്തിെൻറ ചായക്കടയുടെ മുകളിലെ നിലയിലായിരുന്നു ഇത്. 1954ലാണ് പുതിയ ആസ്ഥാനമന്ദിരത്തിനു സ്ഥലം വാങ്ങിയത്. ഇപ്പോഴത്തെ ദേശീയ പാതയോടു ചേർന്ന് അന്ന് 500 രൂപക്ക് വാങ്ങിയ സ്ഥലത്താണ് കെട്ടിടം ഉണ്ടാക്കിയത്. 1969ലാണ് ഓഫിസ് പ്രവർത്തനം ഇങ്ങോട്ട് മാറ്റിയത്. ദേശീയപാത വീതികൂട്ടുമ്പോൾ സ്വന്തം ചെലവിൽ പൊളിച്ചുനീക്കുമെന്ന നിലപാട് സൊസൈറ്റി നേരത്തേ പ്രഖ്യാപിച്ചിരുന്നു. പിറകിൽ ബഹുനില ഓഫിസ് നിർമിക്കുകയും ചെയ്തു.
തലമുറകളുടെ വിയർപ്പിന്റെ മണമുള്ള കെട്ടിടം യന്ത്രങ്ങൾ െവച്ച് ഇടിച്ചുനിരത്തുന്നതിനു പകരം എല്ലാ ആദരവോടും വൈകാരികതയോടും ഓരോ ഇഷ്ടികയും വാതിലും ജനലും നടക്കല്ലും പൊളിച്ചെടുത്തു സംരക്ഷിക്കാനാണ് പദ്ധതി. പൊളിക്കൽ വ്യാഴാഴ്ച വൈകീട്ട് ആറിന് ആരംഭിക്കും. അടുത്ത ദിവസങ്ങളിലും തുടരും.
പൊളിക്കുന്നതിന്റെ മുന്നോടിയായി ബുധനാഴ്ച പഴയ ഓഫിസിനുമുന്നിൽ സൊസൈറ്റിയുടെ ആദ്യകാലപ്രവർത്തകരും ഇന്നത്തെ ഭാരവാഹികളും ജീവനക്കാരും അണിനിരന്ന് ഫോട്ടോ എടുത്തു. കെട്ടിടം പൂർണമായി പൊളിച്ചുനീക്കി ആഗസ്റ്റ് 23ന് പുതിയ കെട്ടിടത്തിലേക്ക് മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.