ദേശീയപാത വികസനം; പൈപ്പ് പൊട്ടൽ തുടർക്കഥ
text_fieldsവടകര: ദേശീയപാത വികസന പ്രവൃത്തിക്കിടെ കുടിവെള്ള പൈപ്പ് പൊട്ടൽ തുടർക്കഥയാവുന്നു. ഇതേത്തുടർന്ന് കുടിവെള്ളത്തിനായി ജനം നെട്ടോട്ടത്തിൽ.
കഴിഞ്ഞദിവസം പൈപ്പ് പൊട്ടി പെരുവാട്ടുംതാഴ, കസ്റ്റംസ് റോഡ്, അമ്മാണ്ടി, കുരിയാടി ബീച്ച്, കോടതി, ജയിൽ പരിസരം തുടങ്ങിയ ഭാഗങ്ങളിൽ ജലവിതരണം മുടങ്ങി.
കടലോര മേഖലയിൽ കുടിവെള്ളം മുടങ്ങുന്നത് കുടുംബങ്ങളെ വലക്കുകയാണ്. മേഖലയിൽ കുഴൽക്കിണറുകളാണ് കൂടുതലുള്ളത്. ഉപ്പുവെള്ളത്തിന്റെ സാന്നിധ്യമുള്ളതിനാൽ ഉപയോഗിക്കാനാകാത്ത സ്ഥിതിയാണ്. പൈപ്പ് വഴി ലഭിക്കുന്ന വെള്ളം മുടങ്ങുന്നതോടെ ഭക്ഷണം പാകം ചെയ്യാൻ കഴിയുന്നില്ല. കുടിവെള്ളത്തിന് കുപ്പിവെള്ളത്തെ ആശ്രയിക്കുകയാണ് കുടുംബങ്ങൾ.
പൊട്ടിയ പൈപ്പ് യഥാസമയം നന്നാക്കാത്തതാണ് പ്രശ്നങ്ങൾക്കിടയാക്കുന്നത്. കരാർ കമ്പനിയോട് പൈപ്പ് നന്നാക്കാൻ ജല അതോറിറ്റി ആവശ്യപ്പെട്ടിട്ട് മുഖം തിരിക്കുന്നതായും പരാതിയുണ്ട്. ഇതുസംബന്ധിച്ച് ജല അതോറിറ്റി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. വിഷ്ണുമംഗലം ബണ്ടിൽനിന്നുള്ള വെള്ളമാണ് നഗരസഭയുടെ ചില ഭാഗങ്ങളിൽ വിതരണം ചെയ്യുന്നത്. വീരഞ്ചേരി ഭാഗത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാണ്.
പലപ്പോഴായി ഈഭാഗത്ത് ആഴ്ചകളോളം വെള്ളം ലഭിക്കാറില്ല. ഇവിടത്തെ കുടുംബങ്ങൾ പ്രധാനമായും പൈപ്പ് വെള്ളത്തെയാണ് ആശ്രയിക്കുന്നത്. ജല അതോറിറ്റി ഓഫിസിന്റെ വിളിപ്പാടകലെയാണ് കുടിവെള്ളം കിട്ടാക്കനിയാകുന്നത്. ചോറോട് പഞ്ചായത്തിലും സ്ഥിതി ഭിന്നമല്ല. പലപ്പോഴായി മേഖലയിൽ കുടിവെള്ളം മുടങ്ങുകയാണ്.
കടുത്ത കുടിവെള്ള ക്ഷാമത്തിന്റെ നാളുകളാണ് വരാനിരിക്കുന്നത്. ദേശീയപാത അതോറിറ്റിയുടെ ഇടപെടൽ കരാർ കമ്പനിയുടെ പ്രവൃത്തിയിൽ കൂടിയേതീരൂ. ഇതരസംസ്ഥാന തൊഴിലാളികളാണ് ജോലിക്ക് കൂടുതലായുള്ളത്. ജാഗ്രതയില്ലാതെ തോന്നിയപോലെ കുഴിയെടുക്കുന്നതാണ് പ്രശ്നങ്ങൾക്കിടയാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.