നവകേരള സദസ്സ്; വടകരയിലും മേമുണ്ടയിലും ഒരുക്കം പൂർത്തിയായി
text_fieldsവടകര: നവകേരള സദസ്സിന്റെ ഒരുക്കങ്ങൾ വടകരയിലും മേമുണ്ടയിലും പൂർത്തിയായതായി കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എൽ.എയും വടകര നഗരസഭ ചെയർപേഴ്സൻ കെ.പി. ബിന്ദുവും വാർത്തസമ്മേളനത്തിൽ അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മണിക്ക് നാരായണനഗരം ഗ്രൗണ്ടിലാണ് വടകര നിയോജക മണ്ഡലത്തിന്റെ പരിപാടി.
രാവിലെ ഒമ്പതിന് മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രഭാതഭക്ഷണ മീറ്റിങ്ങിൽ നാദാപുരം, കുറ്റ്യാടി, വടകര, പേരാമ്പ്ര നിയോജക മണ്ഡലത്തിലെ 300 പേർ പങ്കെടുക്കും. വൈകീട്ട് നാലിന് കലാസാംസ്കാരിക പരിപാടികൾക്ക് തുടക്കമാവും. നിവേദനങ്ങൾ നൽകാൻ 18 കൗണ്ടറുകളും രണ്ട ഹെൽപ് ഡസ്കും സജ്ജമാക്കിയിട്ടുണ്ട്. ഉച്ചക്ക് ഒരു മണി മുതൽ നിവേദനങ്ങൾ സ്വീകരിച്ചുതുടങ്ങും. വൈകീട്ട് മൂന്നിന് മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് നവകേരള സദസ്സ്.
ഇൻഡോർ സ്റ്റേഡിയത്തിൽ എൽ.ഇ.ഡി വാളിലൂടെ പരിപാടി തത്സമയം പ്രദർശിപ്പിക്കും. പൊതുജനങ്ങൾക്ക് പരാതി സമർപ്പിക്കാൻ 20 കൗണ്ടറുകൾ പ്രവർത്തിക്കും. ഇതിനായി അഞ്ച് ക്ലാസ് മുറികൾ സജ്ജമാക്കിയിട്ടുണ്ട്. രാവിലെ 10 മുതൽ കൗണ്ടറിലെത്തി പരാതികൾ സമർപ്പിക്കാം. വയോജനങ്ങൾ, സ്ത്രീകൾ, ഭിന്നശേഷിക്കാർ, മറ്റ് പരിഗണന അർഹിക്കുന്നവർ എന്നിവർക്കായി പ്രത്യേകം കൗണ്ടറുകൾ ഉണ്ടാകും.
കൗണ്ടറുകളിൽ എത്താൻ ബുദ്ധിമുട്ടുള്ളവർക്ക് ട്രോളി സൗകര്യവും ലഭിക്കും. മെഡിക്കൽ സൗകര്യം, കുടിവെള്ള സൗകര്യം എന്നിവയും സ്ഥലത്ത് ലഭ്യമായിരിക്കും. വൈകീട്ട് ഗാനസദസ്സ്, കളരിപ്പയറ്റ്, തിരുവാതിര, ഒപ്പന ഉൾപ്പെടെ വിവിധ കലാപരിപാടികളും നടക്കും.
വാർത്തസമ്മേളനത്തിൽ മുൻ മന്ത്രി സി.കെ. നാണു, നോഡൽ ഓഫിസർമാരായ ഡി.ഡി.ഇ സി. മനോജ് കുമാർ, ജില്ല എംേപ്ലായ്മെന്റ് ഓഫിസർ പി. രാജീവൻ, അസി. രജിസ്ട്രാർ പി. ഷിജു, വി.ആർ. അപർണ, കെ.കെ. ദിനേശൻ, ടി.പി. ഗോപാലൻ, പി. സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.
ഗതാഗത നിയന്ത്രണം
വടകര: നവകേരള സദസ്സിന്റെ ഭാഗമായി വെള്ളിയാഴ്ച ഗതാഗത നിയന്ത്രണം. വടകര ദേശീയപാതയിൽ നാരായണ നഗരം മുതൽ പുതുപ്പണം പാലയാട്ടുനട വരെ ദേശീയ പാതയോരത്ത് നവകേരള സദസ്സിനെത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യണം. കൃഷ്ണകൃപ കല്യാണമണ്ഡപത്തിനു സമീപം സ്വകാര്യ സ്ഥലത്തും സ്നേക്ക് ആൻഡ് ലേഡർ പാർക്കിനു സമീപവും പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന നവകേരള സദസ്സിന്റെ ഭാഗമായി പകൽ രണ്ടര മുതൽ മേമുണ്ട കോട്ടപ്പള്ളി തീക്കുനി റോഡിൽ വാഹനഗതാഗതത്തിന് നിയന്ത്രണം. സദസ്സിലേക്ക് എത്തുന്ന വാഹനങ്ങൾ താഴെ പറയുംപ്രകാരം പാർക്ക് ചെയ്യണം.
കുറ്റ്യാടി, വേളം, ആയഞ്ചേരി, കുന്നുമ്മൽ, പുറമേരി എന്നീ പഞ്ചായത്തുകളിൽനിന്നു വരുന്ന ബസുകളും കോട്ടപ്പള്ളിയിൽനിന്നു വരുന്ന വാഹനങ്ങളും വടകര കാവിൽ തീക്കുനി റോഡിൽ മീങ്കണ്ടി ബസ് സ്റ്റോപ്പിൽനിന്നു കിഴക്കോട്ട് റോഡിന്റെ തെക്ക് ഭാഗത്ത് പാർക്ക് ചെയ്യണം.
ഇവിടങ്ങളിൽനിന്നു വരുന്ന നാലുചക്ര വാഹനങ്ങൾ മീങ്കണ്ടി പാറ, ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട്, ചെമ്മരത്തൂർ ടൗണിനു സമീപം കിഴക്ക് ഭാഗത്തുള്ള ക്വാറി, അതിന് തൊട്ട് തെക്കുഭാഗത്തുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലം എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം. മണിയൂർ പഞ്ചായത്തിലെ മണിയൂർ, പതിയാരക്കര, പാലയാട് എന്നിവിടങ്ങളിൽനിന്നു വരുന്ന വാഹനങ്ങൾ (ബസ് കീഴലിൽനിന്നു മീങ്കണ്ടിയിലേക്കുള്ള റോഡിൽ പാർക്ക് ചെയ്യണം) നാലുചക്ര വാഹനങ്ങൾ കീഴലിൽനിന്നു കുന്നോത്ത് പാറയിലെ ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.
ചെരണ്ടത്തൂർ, എളമ്പിലാട് മന്തരത്തൂർ എന്നിവിടങ്ങളിൽനിന്നു വരുന്ന വാഹനങ്ങൾ തോടന്നൂർ വഴി ചെമ്മരത്തൂരിൽ എത്തി കാവിൽ തീക്കുനി റോഡിൽ പാർക്ക് ചെയ്യണം. ഔദ്യോഗിക വാഹനങ്ങൾ പ്രധാന വേദിക്ക് തൊട്ട് പടിഞ്ഞാറ് ഭാഗത്തുള്ള റോഡിലൂടെ പോയി മദ്റസക്കു സമീപം ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.