എൻ.സി കനാലിലെ വെള്ളപ്പൊക്കം; സർക്കാറിൽ സമ്മർദം ചെലുത്തും -കെ.കെ. രമ എം.എൽ.എ
text_fieldsവടകര: അക്ലോത്ത് നട മുതൽ നഗരസഭ ശ്മശാനംവരെയുള്ള എൻ.സി കനാലിന്റെ കരയിൽ താമസിക്കുന്ന നാളോംവയൽ പ്രദേശത്തെ ജനങ്ങളുടെ ദുരിതമകറ്റാൻ സർക്കാറിൽ സമ്മർദം ചെലുത്തുമെന്ന് കെ.കെ. രമ എം.എൽ.എ. മഴക്കാലമായാൽ ഇവിടെ താമസിക്കുന്ന ഇരുപതോളം കുടുംബങ്ങളുടെ ജീവിതം ദുരിതമാകും. വഴി നടക്കാൻപോലും കഴിയാത്തവിധം വെള്ളവും ചളിയും നിറയുന്ന അവസ്ഥയാണ്. മഴക്കാലമായാൽ കനാലിൽ വെള്ളം കരകവിഞ്ഞൊഴുകും.
അസുഖബാധിതർക്ക് ആശുപത്രിയിൽ പോകാനോ കുട്ടികൾക്ക് സ്കൂളിൽ പോകാനോ കഴിയാത്ത അവസ്ഥയാണ്. കുരിക്കിലാട് ഭാഗത്തുനിന്നുൾപ്പെടെ അക്ലോത്ത് നട കുരിക്കിലാട് കനാൽ റോഡ് വഴി നിരവധി കുട്ടികൾ സ്കൂളിലേക്ക് വരുന്നുണ്ട്. മഴക്കാലമായാൽ കുട്ടികൾ അപകടത്തിൽപെടുന്ന അവസ്ഥയാണെന്ന് സ്കൂൾ അധികൃതർ എം.എൽ.എയോട് പറഞ്ഞു.
കനാലിന്റെ ഇരുവശവും ഭിത്തികെട്ടി ഉയർത്തി റോഡ് നിർമിക്കുക എന്നത് മാത്രമാണ് ഇതിനുള്ള പരിഹാരമെന്നും നാട്ടുകാർ എം.എൽ.എയെ ധരിപ്പിച്ചു. ഇതിനായി സർക്കാറിൽ സമ്മർദം ചെലുത്തുമെന്ന് സ്ഥലം സന്ദർശിച്ചശേഷം എം.എൽ.എ പറഞ്ഞു. ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരും വാർഡ് കൗൺസിലർ നിഷയും ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.