വടകര സബ്ജയിൽ പുതിയ കെട്ടിടം ചുവപ്പു നാടയിൽ
text_fieldsവടകര: സ്വാതന്ത്ര്യ ലബ്ധിക്കു മുമ്പ് താലൂക്ക് ജയിലായി ഉപയോഗിച്ചിരുന്ന വടകര സബ് ജയിലിന് പുതിയ കെട്ടിടം നിർമിക്കാനുള്ള നീക്കങ്ങൾ ചുവപ്പു നാടയിൽ. കാലപ്പഴക്കം കൊണ്ട് അപകട ഭീഷണി ഉയർത്തുന്ന കെട്ടിടത്തിനു പകരം പുതിയ കെട്ടിടം നിർമിക്കാനുള്ള നടപടികൾ ഇഴഞ്ഞുനീങ്ങുന്നു. വടകര പുതുപ്പണത്തെ പൊലീസ് സൂപ്രണ്ട് ഓഫിസിനു പിന്നിലെ ജലസേചന വകുപ്പിെൻറ അധീനതയിലുള്ള 74 സെൻറ് ഭൂമിയിലാണ് സബ് ജയിലിന് പുതിയ കെട്ടിടം നിർമിക്കുന്നത്.
കെട്ടിടത്തിന് ഒരു കോടി രൂപയുടെ എസ്റ്റിമേറ്റ് സർക്കാറിന് സമർപ്പിച്ചിട്ടുണ്ടെങ്കിലും അംഗീകാരം വൈകുകയാണ്. വടകര സബ്ജയിലില്‍ 18 തടവുകാരെ പാര്‍പ്പിക്കേണ്ടിടത്ത് 40ലേറെ റിമാൻഡ് പ്രതികളാണ് ഉണ്ടാവാറ്. നിലവിൽ സി.എഫ്.എൽ.ഡി.സി ആയിട്ടാണ് ജയിൽ പ്രവർത്തിക്കുന്നത്. റിമാൻഡിലാകുന്ന പ്രതികളുടെ കോവിഡ് പരിശോധന ഫലം ലഭിക്കുന്നതോടെ മറ്റു ജയിലുകളിലേക്ക് മാറ്റുകയാണ് പതിവ്. പരിമിതികൾക്ക് നടുവിൽനിന്ന് ജയിൽവകുപ്പിെൻറ നിർദേശങ്ങൾക്കനുസൃതമായി ഉദ്യോഗസ്ഥരുടെ മികച്ച പ്രവർത്തനത്തിലാണ് പരാതികൾക്കിടയില്ലാതെ ജയിലിെൻറ പ്രവർത്തനം നീങ്ങുന്നത്. ചുറ്റുമതിലില്ലാത്ത സംസ്ഥാനത്തെ ഏക ജയിലാണ് വടകരയിലേത്.
ജില്ലയിലെ പത്തോളം കോടതികളിൽനിന്നുള്ള റിമാൻഡ് തടവുകാരാണ് വടകരയിലെത്തുന്നത്. എൻ.ടി.പി.എസ് കോടതിവഴി എത്തുന്ന വൻ മയക്കുമരുന്നു കേസുകളിൽ ഉൾപ്പെട്ടവർ ഉൾപ്പെടെയുള്ളവരാണ് ഇവിടെ തടവുകാരായി എത്തുന്നത് . സുരക്ഷയ്ക്ക് ഓടു മേഞ്ഞ കെട്ടിടത്തിന് ഇരുമ്പ് നെറ്റാണ് ഉള്ളത്. ഇടുങ്ങിയ കെട്ടിടത്തിൽ സൂപ്രണ്ട് അടക്കം 15 ജീവനക്കാർ ഞെരുങ്ങിയാണ് കഴിച്ചുകൂട്ടുന്നത്. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയോ കാര്യമായ നവീകരണ പ്രവൃത്തികള്‍ നടത്തുകയോ ചെയ്തിട്ടില്ല. ജില്ലയിൽ നാദാപുരം കേന്ദ്രീകരിച്ച് പുതിയ സബ് ജയിൽ നിർമിക്കണമെന്ന ആവശ്യമുയർന്നിരുന്നു. പലയിടത്തും സ്ഥലം കണ്ടെത്തിയിരുന്നു. ഒടുവിൽ കുറ്റ്യാടി കുന്നുമ്മലിൽ ഒരേക്കർ ഭൂമി തിരഞ്ഞെടുക്കുകയുണ്ടായെങ്കിലും നടപടികൾ എങ്ങുമെത്തിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.