കടത്തലിന് പുതുവഴികൾ; മാഹിയിൽനിന്ന് വിദേശമദ്യം അതിർത്തി കടക്കുന്നു
text_fieldsവടകര: മാഹിയിൽനിന്ന് സംസ്ഥാനത്തിന്റ വിവിധ ഭാഗങ്ങളിലേക്ക് വിദേശമദ്യമൊഴുകുന്നു. മദ്യക്കടത്തിന് പുതുവഴികളുമായാണ് കടത്തുസംഘങ്ങൾ രംഗത്തുള്ളത്. കോവിഡിന് ശേഷം മാഹിയിൽ മദ്യത്തിന് അധിക വിൽപന നികുതി ഒഴിവാക്കിയതോടെയാണ് മദ്യക്കടത്ത് വൻ തോതിൽ വർധിച്ചത്.
മദ്യം കേരളത്തിലേക്ക് ഒഴുകുന്നത് തടയാൻ എക്സൈസും പൊലീസും പരിശോധന നടത്തുമ്പോഴും റോഡ് വഴിയും കടൽമാർഗവും പുഴമാർഗവും ബോട്ടുകളിലും വള്ളങ്ങളിലുമെല്ലാം മദ്യക്കടത്ത് സജീവമാണ്. ലോക്ഡൗൺ കാലത്ത് കേരളത്തിലും മാഹിയിലും മദ്യത്തിന് ഒരേ വിലയായതുകൊണ്ട് കടത്ത് കുറഞ്ഞിരുന്നു.
പിന്നീട് മാഹിയിലെ വില്പന നികുതി പിൻവലിച്ചു. ഇതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ബാറുകളിലടക്കം മാഹി മദ്യം ഒഴുകുകയാണ്. മാഹിയിലെ വിലയേക്കാൾ ഇരട്ടിയും ഇരട്ടിയിലുമധികം വിലയ്ക്ക് വിൽക്കാൻ കഴിയുമെന്നതുകൊണ്ട് മാഹി മദ്യത്തിന് ആവശ്യക്കാർ ഏറെയാണ്.
1500 രൂപക്ക് കേരളത്തിൽ ലഭിക്കുന്ന മദ്യം മാഹിയിൽ 400 രൂപക്കാണ് ലഭ്യമാകുന്നത്. അതിനാൽ കേരളത്തിലെത്തിച്ചാൽ ഇരട്ടിയിലധികം ലാഭവും ലഭിക്കും. മദ്യം എത്തിച്ചുനൽകാനായി പ്രത്യേക ലോബിതന്നെ പ്രവർത്തിക്കുന്നുണ്ട്.
ജില്ല അതിർത്തികളായ അഴിയൂർ, പെരിങ്ങത്തൂർ, മുണ്ടത്തോട്, ചെറ്റക്കണ്ടി പാലം കടന്നുകിട്ടിയാൽ തെക്കൻ ജില്ലകളിലേക്ക് മദ്യം എളുപ്പത്തിൽ കടത്താൻ കഴിയുമെന്നതാണ് സംഘങ്ങളുടെ ധൈര്യം. അഴിയൂരിൽ എക്സൈസിന്റെ സ്ഥിരം ചെക്ക് പോസ്റ്റുണ്ട്.
ഇതിനു പുറമേ എക്സൈസ് സ്ട്രൈക്കിങ് ഫോഴ്സ് കേന്ദ്രീകരിക്കുന്നതും ഈ ഭാഗത്താണ് ഈ കേന്ദ്രങ്ങളെ വെട്ടിച്ചാണ് ദേശീയപാത വഴി പ്രധാനമായും മദ്യമൊഴുകുന്നത്. എക്സൈസിന്റ പഴഞ്ചൻ വാഹനങ്ങൾക്ക് പലപ്പോഴും ആഡംബര വാഹനങ്ങളിൽ കടത്തുന്നവരെ പിടികൂടാൻ കഴിയാറില്ല.
കടൽ, പുഴ മാർഗം മദ്യക്കടത്ത് വർധിച്ചതായാണ് സൂചന. ഇത് തടയാൻ നേരത്തേ തീരദേശ പൊലീസിന്റെ ബോട്ട് ഉപയോഗിച്ച് കടൽ പട്രോളിങ് നടത്തിയിരുന്നെങ്കിലും നിലച്ചിരിക്കുകയാണ്. രാത്രികാലങ്ങളിൽ മോട്ടോർ ഘടിപ്പിച്ച ചെറുവള്ളങ്ങളിൽ മദ്യക്കടത്ത് സജീവമാണ്.
മദ്യം കടൽമാർഗം കൊയിലാണ്ടിയിൽ എത്തിയാൽ തെക്കൻ ജില്ലകളിലേക്ക് പിടികൊടുക്കാതെ മദ്യം കടത്താൻ കഴിയും. തീരമേഖലയിലെ ജാഗ്രത ഒന്നുകൂടെ വർധിപ്പിച്ചാൽ തെക്കൻ ജില്ലകളിലേക്ക് മദ്യം വിതരണം നടത്തുന്ന കണ്ണികളെ വലയിലാക്കാൻ കഴിയും. കഴിഞ്ഞ ദിവസം 160 കെയ്സ് മാഹി വിദേശമദ്യമാണ് തൃശൂർ പാലിയേക്കര ടോൾ പ്ലാസയിൽ വെച്ച് പിടികൂടിയത്. തിരുവനന്തപുരത്ത് മദ്യമെത്തിക്കുന്ന പ്രധാന കണ്ണിയാണ് വലയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.