ദേശീയപാത വികസനം: പാലോളിപ്പാലത്ത് പുതിയ പാത തുറന്നു
text_fieldsവടകര: ദേശീയപാത വികസനം ദ്രുതഗതിയിൽ പുരോഗമിക്കുന്ന പുതുപ്പണം പാലോളിപ്പാലത്ത് പുതിയ പാത തുറന്നു, പഴയത് ഓർമയാകും. ദേശീയപാതയിൽ പുതുതായി നിർമിക്കുന്ന പാലത്തിന്റ പ്രവർത്തനം പാതി പൂർത്തിയായതോടെ ഗതാഗതം ഇതുവഴി തിരിച്ചുവിട്ടു.
ദേശീയപാതയിൽ ചീനംവീട് യു.പി സ്കൂൾ മുതൽ അരവിന്ദ്ഘോഷ് റോഡ് വരെയുള്ള ഭാഗം ഉയർത്തി കോൺക്രീറ്റ് ചെയ്താണ് പുതിയ റോഡ് നിർമിച്ചത്. മൂരാട് പാലം മുതൽ പാലോളിപ്പാലംവരെ ആറുവരിപ്പാത പൂർണമായും കോൺക്രീറ്റ് ചെയ്താണ് നിർമിക്കുന്നത്.
വാഹനങ്ങൾ പുതിയ റോഡിലൂടെ കടത്തിവിട്ടുതുടങ്ങിയതോടെ പഴയ ദേശീയപാത പൊളിച്ചുതുടങ്ങി. ദേശീയപാത 66ല്‍ മൂരാട് പാലം മുതല്‍ പാലോളിപ്പാലം വരെ ആറുവരിയാക്കുന്ന ജോലികളാണ് ദ്രുതഗതിയിൽ പുരോഗമിക്കുന്നത്. സർക്കാറിന്റ ഭാരതമാല പദ്ധതിപ്രകാരമാണ് പാലോളിപ്പാലം മുതൽ മൂരാട് പാലംവരെ ആറുവരിപ്പാത നിർമിക്കുന്നത്. രണ്ടര കിലോമീറ്റർ ഭാഗത്തുള്ള വികസനപ്രവർത്തനങ്ങളാണ് ഈഭാഗത്ത് ആദ്യ ഘട്ടത്തിൽ പൂർത്തീകരിക്കുന്നത്. ഈ ഭാഗങ്ങളിലെ ഒഴിപ്പിക്കൽ നടപടികൾ നേരത്തേ പൂർത്തിയായിരുന്നു.
പാത യാഥാർഥ്യമാകുന്നതോടെ ഗതാഗതക്കുരുക്കിനും പരിഹാരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂരാട് പാലത്തിനു പകരം പുതിയ പാലം നിര്‍മിക്കുന്നതിനുള്ള പ്രാരംഭ ജോലികളും തകൃതിയാണ്. 32 മീറ്റർ വീതിയിലാണ് ആറുവരിപ്പാലം നിർമിക്കുന്നത്. 68.55 കോടിക്ക് ഹരിയാനയിൽനിന്നുള്ള ഇ 5 കമ്പനിക്കാണ് നിർമാണ ചുമതല. ജില്ലയിൽ രാമനാട്ടുകര മുതല്‍ അഴിയൂര്‍വരെ 102 കി.മീറ്റര്‍ ദൂരത്തിലാണ് ദേശീയപാത 66 കടന്നുപോകുന്നത്.
അഴിയൂര്‍ ബൈപാസ്, മൂരാട് മുതല്‍ പാലോളിപ്പാലം, രാമനാട്ടുകര മുതല്‍ വെങ്ങളം എന്നിങ്ങനെ മൂന്ന് റീച്ചായിട്ടാണ് ആറുവരിപ്പാതയാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.