ദേശീയപാത വികസനം: നഷ്ടപരിഹാരത്തിന് ഇരകള്‍ കോടതിയിലേക്ക്
text_fieldsവടകര: ദേശീയപാത വികസനത്തിെൻറ ഭാഗമായി കുടിയൊഴിപ്പിക്കപ്പെടുന്ന ജില്ലയിലുള്ളവർ നഷ്ടപരിഹാര തുകക്കായി കോടതിയെ സമീപിക്കാനൊരുങ്ങുന്നു. മറ്റു ജില്ലകളിലുള്ളവര്‍ നേരത്തേ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയിരിക്കുകയാണ്. നഷ്ടപരിഹാര തുക സംബന്ധിച്ച് ജനങ്ങളുടെ ആശങ്ക പരിഹരിക്കാത്ത ഉദ്യോഗസ്ഥരുടെ നിലപാട് പദ്ധതിക്കുതന്നെ വിലങ്ങുതടിയായി. തുക നല്‍കുന്നതിനെ കുറിച്ച് പറയാതെ രേഖകള്‍ ഹാജരാക്കാനാണ് അധികൃതര്‍ നിര്‍ദേശിക്കുന്നത്. നിലവിലെ ഭൂമിയേറ്റെടുക്കല്‍ നിയമം കാറ്റില്‍ പറത്തിയാണ് അധികൃതര്‍ നീങ്ങുന്നതെന്നാണ് ആക്ഷേപം. 80 ശതമാനം പണം നല്കി മൂന്നുമാസം കഴിഞ്ഞശേഷമേ ഒഴിപ്പിക്കാന്‍ പാടുള്ളൂ. കെട്ടിട ഉടമകള്‍ക്ക് രണ്ടുലക്ഷം നല്കുമ്പോള് തന്നെ, കടയിലെ തൊഴിലാളിക്ക് 6000 രൂപ വീതം ആറുമാസം നല്‍കണം.
2011ന് മുമ്പുള്ള കച്ചവടക്കാര്‍ക്കു മാത്രമേ ഈ ആനുകൂല്യമുള്ളൂ. ഇതുതന്നെ ലഭിക്കാത്ത സാഹചര്യമാണ്. ഇതിന് കച്ചീട്ട് കടനടത്തിപ്പുകാരെൻറ പേരില്‍ വേണം. ലേബര്‍ രജിസ്ട്രേഷന്, ലൈസന്‍സ് എന്നിങ്ങനെയുള്ള രേഖകള്‍ പൂര്‍ണമായും വേണം. ഒരാള്‍ക്ക് ഒന്നിലേറെ കടകളുണ്ടെങ്കിലും രണ്ടു ലക്ഷമേ ലഭിക്കൂ. രണ്ടു ലക്ഷത്തിന് വികസിത ടൗണെന്നോ അവികസിത ടൗണെന്നോ വ്യത്യാസവുമില്ല. നിലവില്‍ പലയിടത്തും കച്ചവടം ചെയ്യുന്നവര്‍ പാരമ്പര്യമായി ഈ രംഗത്തുള്ളവരാണ്. കച്ചവടം നടത്തുന്നയാളുടെ പേരില്‍ കച്ചീട്ട് ഉണ്ടാവില്ല. അടുത്ത കാലത്ത് കച്ചവടം തുടങ്ങിയവരില്‍ ഏറെയും ലക്ഷങ്ങള്‍ നിക്ഷേപമായി നല്‍കുകയും പ്രത്യേകിച്ച് രേഖകളൊന്നുമില്ലാതെ മാസവാടക നല്കുന്നവരുമാണ്.
സര്‍ക്കാര്‍ രണ്ടുലക്ഷം നൽകിയാൽപോലും ചുരുക്കം കച്ചവടക്കാര്‍ക്ക് മാത്രമായിരിക്കും ലഭിക്കുക. ദേശീയപാത വികസന പ്രവൃത്തി വിളിപ്പാടകലെയെന്ന് പറയുമ്പോഴും റോഡിെൻറ രൂപരേഖയെക്കുറിച്ചോ സര്‍വിസ് ഘടനയെ കുറിച്ചോ ബന്ധപ്പെട്ടവര്‍ക്കാര്‍ക്കും വ്യക്തതയില്ല. പണം കിട്ടാതെ ഒഴിയില്ലെന്ന് നാട്ടുകാര്‍ തീരുമാനിച്ചാല്‍ ബലപ്രയോഗത്തിലൂടെ ഒഴിപ്പിക്കാന്‍ നിയമമില്ല. ഈ സാഹചര്യത്തില്‍ ഉദ്യോഗസ്ഥ ഭീഷണിയെ പരിഗണിക്കേണ്ടതില്ലെന്ന നിലപാടിലാണ് സമരസമിതികളും നാട്ടുകാരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.