ദേശീയപാത വികസനം ദ്രുതഗതിയിൽ
text_fieldsവടകര: മൂരാട് പാലവും പാലോളി പാലവും അതിനിടയിൽ വരുന്ന 2.1 കിലോമീറ്റർ ദേശീയപാതയുടെയും നിർമാണപ്രവൃത്തി ദ്രുതഗതിയിൽ. 204 മീറ്റർ നീളത്തിലാണ് മൂരാട് പാലം ഒരുങ്ങുന്നത്. ഇതിനിടെ വെങ്ങളം മുതൽ അഴിയൂർ വരെ നീളുന്ന ചെങ്ങോട്ടുകാവ്-നന്തി ബൈപാസ് ഉൾപ്പെടെയുള്ള ആറുവരി ദേശീയപാത നിർമാണപ്രവർത്തനങ്ങളും ഉടൻ ആരംഭിക്കും.
പദ്ധതികൾ യാഥാർഥ്യമായാൽ സമ്പൂർണമായും ആറുവരി ദേശീയപാതയുള്ള ജില്ലയായി കോഴിക്കോട് മാറും.
വർഷങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് ദേശീയപാത അതോറിറ്റിയുടെ റോഡ് നിർമാണം ആരംഭിക്കുന്നത്. ദേശീയപാതയുടെ നിർമാണം രണ്ടര വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുക്കൽ നടപടിക്രമങ്ങളുടെ കുരുക്കഴിച്ച് വേഗം കൂട്ടിയതാണ് പദ്ധതിക്ക് ഗുണമായത്.
45 മീറ്ററിൽ റോഡും രണ്ടു ഭാഗത്തും സർവിസ് റോഡുമുണ്ടാകും. വെങ്ങളം മുതൽ അഴിയൂർ വരെ 40.800 കിലോമീറ്റർ ദൂരം റോഡ് നിർമാണത്തിനായി 1382.56 കോടി രൂപയുടെ എസ്റ്റിമേറ്റാണ്.
ദേശീയപാതക്കായുള്ള ഭൂമി ഏറ്റെടുക്കലിനായി ആകെ വരുന്ന തുകയുടെ നാലിലൊന്ന് കിഫ്ബിവഴിയാണ് നൽകുന്നത്.
183 ഹെക്ടർ ഭൂമിയാണ് പദ്ധതിക്ക് ആകെ വേണ്ടത്. ഇതിൽ 87 ഹെക്ടർ ഏറ്റെടുത്തുകഴിഞ്ഞു. ശേഷിക്കുന്നവ ഉടൻ ഏറ്റെടുക്കും. വടകര ലാൻഡ് അക്വിസിഷൻ ഓഫിസിന് കീഴിൽ 500 കോടി രൂപ ഭൂമി ഏറ്റെടുക്കലിന് അനുവദിച്ചു. 200 കോടി രൂപ ഭൂമി ഏറ്റെടുക്കലിന് വേണ്ടി ചെലവഴിച്ചു.
1985 ഭൂവുടമകളിൽനിന്നായി 9.1267 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ദേശീയപാത വികസനത്തിെൻറ ഭാഗമായി 64.85 ശതമാനം ഭൂമി ഏറ്റെടുക്കൽ പൂർത്തിയായി. അഴിയൂർ, ഇരിങ്ങൽ ഭാഗങ്ങളിലെ നിരവധി പേർക്ക് ഇതിനോടകം നഷ്ടപരിഹാരത്തുക നൽകി.
നാല് അണ്ടർപാസുകൾ, ഒരു ഓവർപാസ്, നാല് ചെറിയ പാലങ്ങൾ എന്നിവയും നിരവധി സർവിസ് റോഡുകളും ഇതിെൻറ ഭാഗമായി പൂർത്തിയാക്കും.
വടകര നഗരത്തിലും അടക്കാത്തെരുവ് ജങ്ഷനിലും പുഞ്ചിരി മിൽ ജങ്ഷനിലും കൈനാട്ടിയിലും ആറുവരി മേൽപാലങ്ങൾ നിർമിക്കും. ഇതിെൻറ പൈലിങ് പ്രവൃത്തി പുരോഗമിക്കുകയാണ്. ചോറോട് റെയിൽവേ ഓവർ ബ്രിഡ്ജും വീതികൂട്ടും. ചോമ്പാലയിൽ പത്തുവരി ടോൾപ്ലാസയും വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.