ദേശീയപാത: വടകരയിൽ ഉയരപ്പാതക്ക് സാധ്യത
text_fieldsപുതിയ വികസനം വരുന്നതോടൊപ്പം വടകര ടൗണിലുണ്ടാകുന്ന നഷ്ടം കുറക്കാനും ഉയരപ്പാത സഹായിക്കും
വടകര: ദേശീയപാത വികസനത്തെ കുറിച്ച് ചര്‍ച്ച തുടങ്ങിയ നാള് മുതലാണ് വടകരയില്‍ ഉയരപ്പാതക്കായുള്ള മുറവിളി നടക്കുന്നത്. ഇപ്പോഴിതാ, പാതയുടെ സാധ്യതപഠനം തുടങ്ങി. നേരേത്ത തന്നെ നഗരസഭയും ദേശീയപാത കർമസമിതിയും വ്യാപാരികളും മുന്നോട്ടുവെച്ച രീതിയില്‍ തന്നെയാണ് ഉയരപ്പാത വരാന്‍ സാധ്യതയെന്നാണ് അധികൃതര്‍ നല്കുന്ന സൂചന. നേരത്തേയുള്ള നിര്‍ദേശപ്രകാരം വില്യാപ്പള്ളി റോഡില്‍ പഴയ ബസ് സ്റ്റാൻഡിലേക്ക് ഉയരപ്പാതയും അടിഭാഗത്തുകൂടി ദേശീയപാതയും കടന്നുപോകും.
പുതിയ ബസ്സ്റ്റാൻഡ് ഭാഗത്ത് തിരുവള്ളൂര്‍ റോഡില്‍ അടിഭാഗത്തുകൂടി സാധാരണ പാതയും എട്ട് മീറ്റര്‍ ഉയരത്തില്‍ ദേശീയപാതയും നിർമിക്കും. മുമ്പ് ദേശീയപാത കർമസമിതി മുന്നോട്ടുവെച്ച കണക്കുകള്‍ പ്രകാരം ഉയരപ്പാത നിർമിക്കുകയാണെങ്കില്‍ സര്‍ക്കാറിന് പദ്ധതി നടത്തിപ്പില്‍ വന്‍ ലാഭമാണ് ഉണ്ടാവുക. എന്നാൽ, നിലവില്‍ സര്‍ക്കാര്‍ തീരുമാനം നടപ്പാക്കുകയാണെങ്കില്‍ 1198 കോടി രൂപ നഷ്ടപരിഹാര തുകയുള്‍പ്പെടെ ഈ മേഖലയില്‍ തന്നെ വരും. അതേസമയം, ഉയരപ്പാതക്ക് 300 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഇതിലൂടെ തൊഴിലാളികള്‍ ഉള്‍പ്പെടെ 8096 പേര് കുടിയൊഴിപ്പിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കാമെന്നുമായിരുന്നു വാദം.
ദേശീയപാത വിഷയത്തില്‍ മറ്റിടങ്ങളില്‍നിന്ന് വ്യത്യസ്തമായ പ്രതിഷേധമാണ് നേരേത്ത വടകര മേഖലയില്‍ നടന്നത്. വടകരയില്‍ 1998ല്‍ ദേശീയപാത വികസനത്തിനായി 30 മീറ്റര്‍ ഭൂമി വിട്ടുകൊടുത്തിരുന്നു. ജില്ല അതിര്‍ത്തിയായ അഴിയൂര്‍ മുതല്‍ വടകര അരവിന്ദ്ഘോഷ് റോഡ് വരെയാണ് ഇത്തരത്തില്‍ ഭൂമി നല്‍കിയത്. ഇതിനുശേഷം നിയമാനുസൃതമായ ദൂരപരിധി പാലിച്ച് റോഡിനിരുവശവും വ്യാപാരസമുച്ചയങ്ങളും വീടുകളും മറ്റും വന്നുകഴിഞ്ഞു. നിലവില്‍ 45 മീറ്ററില്‍ വികസനമാണ് വരുന്നത്. വലിയ നഷ്ടം കുറക്കാനാണ് വടകര ടൗണില്‍ ഉയരപ്പാത നിർമിക്കണമെന്ന വാദം ശക്തമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.