നിപ: ജനജീവിതം സാധാരണനിലയിലേക്ക്
text_fieldsവടകര: നിപ ഭീതി ഒഴിഞ്ഞതോടെ നഗരം സാധാരണ നിലയിലേക്ക്. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരുടെ പരിശോധനഫലം നെഗറ്റിവായതോടെ മേഖലയിൽ ആശ്വാസമായി. നിപ ബാധിച്ച് മരിച്ചവർ ഉൾപ്പെടെയുള്ളവരുടെ സമ്പർക്കപ്പട്ടികയിലെ മുഴുവൻപേരുടെയും ഫലങ്ങൾ കഴിഞ്ഞദിവസം പുറത്തുവന്നതോടെ കണ്ടെയിൻമെന്റ് സോണുകളിൽ ഇളവുകൾ നൽകിയിരുന്നു.
ഇളവുകൾ മറ്റ് പ്രദേശങ്ങളിലെതടക്കം ജനം ജീവിതം സാധാരണനിലയിലേക്ക് മടങ്ങാൻ സഹായകമായി. നിയന്ത്രണങ്ങളിൽ ഇളവ് ലഭിച്ചതോടെ കണ്ടെയിൻമെന്റ് സോണുകളിലെ വ്യാപാരസ്ഥാപനങ്ങളിൽ ആളുകൾ എത്തിത്തുടങ്ങി. രാത്രി എട്ടുവരെ തുറക്കാനാണ് വ്യാപാര സ്ഥാപനങ്ങൾക്ക് ഇളവ് നൽകിയത്. വടകര നഗരത്തിൽ കഴിഞ്ഞദിവസങ്ങളിൽനിന്ന് ഭിന്നമായി ആളുകളുടെ വരവ് വർധിച്ചിട്ടുണ്ട്.
മലയോര മേഖലയിലേക്കും ദീർഘദൂര ബസുകളിലും യാത്രക്കാരുടെ എണ്ണത്തിൽ വർധനയുണ്ടായി. നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ ഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പും നൽകിയ നിർദേശങ്ങൾ പൂർണാർഥത്തിൽ അനുസരിക്കുന്ന സമീപനമാണ് എങ്ങുമുള്ളത്.
യാത്രക്കാർ ബസുകളിലും മറ്റും മാസ്ക് ധരിക്കുന്നത് ശീലമാക്കി. ആശുപത്രികളിൽ തിരക്ക് കുറവാണ്. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമാണ് ആശുപത്രികളിൽ ആളുകൾ ചികിത്സതേടുന്നത്. വടകര ജില്ല ആശുപത്രിയിൽ ചൊവ്വാഴ്ച 659 പേർ വിവിധ രോഗങ്ങൾക്ക് ചികിത്സതേടി. വാർഡുകളിൽ കിടത്തിച്ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ പകുതിയോളം കുറവുണ്ട്.
സാധാരണഗതിയിൽ ഒ.പിയിൽ ദിനംപ്രതി 2000ത്തോളം പേർ വിവിധ വിഭാഗങ്ങളിലായി ചികിത്സ തേടിയെത്താറുണ്ട്. നിപയുടെ പശ്ചാത്തലത്തിൽ മേഖലയിലെ ആശുപത്രികളിൽ ചികിത്സതേടുന്നതിൽ പരിഭ്രമിക്കേണ്ടതില്ലെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.