വടകര നഗരത്തിൽ മാലിന്യം നീക്കാൻ നടപടിയില്ല
text_fieldsവടകര: വടകര നഗരത്തിൽ കുമിഞ്ഞുകൂടിയ മാലിന്യം ശുചീകരിക്കാൻ നടപടിയില്ല. 'മാലിന്യ മുക്ത നവകേരളത്തിനായി ജനകീയ കാമ്പയിൻ, വൃത്തിയുള്ള സുസ്ഥിര വടകരക്കായി നമുക്ക് ഒരുമിക്കാം' കാമ്പയിൻ നടക്കുമ്പോളും നഗരഹൃദയത്തിൽ അടിഞ്ഞു കൂടിയ മാലിന്യം നീക്കം ചെയ്യാൻ നഗരസഭക്ക് കഴിഞ്ഞിട്ടില്ല. വടകര മത്സ്യമാർക്കറ്റിന് സമീപത്തെ ഓവുചാലിനോട് ചേർന്ന് വർഷങ്ങളായി കുമിഞ്ഞുകൂടിയ മാലിന്യം നീക്കം ചെയ്യാതെ കിടക്കുകയാണ്.
കാൽനടക്കാർ കേരള ക്വയർ റോഡിൽ നിന്ന് കോടതി ഭാഗത്തേക്ക് എളുപ്പത്തിൽ കാൽ നടയാത്ര ചെയ്തിരുന്ന ഭാഗമാണ് മാലിന്യം നിറഞ്ഞ് കിടക്കുന്നത്. ശുചിമുറി മാലിന്യമുൾപ്പെടെ നിറഞ്ഞതിനാൽ ഈ ഭാഗത്തേക്ക് നോക്കാൻ പോലും പ്രയാസമാണ്. കാൽനട യാത്രക്കാർക്കുള്ള പടവുകൾ വരെയുള്ള ഇടവഴിയിലാണ് മാലിന്യം നിറഞ്ഞ് കിടക്കുന്നത്. മാർക്കറ്റിനോട് ചേർന്ന് കിടക്കുന്ന സ്ഥലമായതിനാൽ രൂക്ഷമായ പകർച്ച വ്യാധി ഭീഷണിയുമുണ്ട്. നഗരത്തിന്റെ മറ്റു പല ഭാഗങ്ങളിലും സമാനമായ സ്ഥിതി വിശേഷമുണ്ട്. വ്യാപാരികൾ, സന്നദ്ധ സംഘടനകൾ, വിദ്യാർഥികൾ ഉൾപ്പെടെ ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് ശുചിത്വ കാമ്പയിനുമായി നഗരസഭയുമായി കൈകോർത്ത് മുന്നോട്ടു പോകുകയാണ്. ഇതിനിടെയാണ് നഗര ഹൃദയം ചീഞ്ഞ് നാറുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.