മിഴി തുറക്കുന്നില്ല, മോട്ടോർ വാഹന വകുപ്പ് കാമറകൾ
text_fieldsവടകര: മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച കാമറകൾ ഒരു വർഷമായിട്ടും മിഴി തുറക്കുന്നില്ല. മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് സ്ഥാപിച്ച കാമറകളാണ് തുരുമ്പെടുത്ത് നശിക്കുന്നത്. വടകര താലൂക്കിൽ 14 സ്ഥലങ്ങളിലാണ് കാമറകൾ തൂണിൽ കിടക്കുന്നത്.
മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റിനാണ് കാമറകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്ന ചുമതല. ജില്ലയിൽ 63 കേന്ദ്രങ്ങളിലാണ് കാമറകൾ സ്ഥാപിച്ചത്. കാമറകൾക്കൊപ്പം സോളാർ പാനലുകളും തൂണുകളിൽ സ്ഥാപിച്ചിട്ടുണ്ടെങ്കിലും നോക്കുകുത്തിയായി നിൽക്കുകയാണ്.
താലൂക്കിൽ മേപ്പയിൽ, സാൻഡ് ബാങ്ക്സ് റോഡ്, പഴയ ബസ് സ്റ്റാൻഡ്, പെരുവാട്ടുംതാഴെ, തിരുവള്ളൂർ, ഓർക്കാട്ടേരി, എടച്ചേരി, വില്യാപ്പള്ളി, കുറ്റ്യാടി, തൊട്ടിൽപാലം, പൈക്കളങ്ങാടി, കക്കട്ടിൽ, നാദാപുരം, ചേറ്റുവെട്ടി, കല്ലാച്ചി എന്നിവിടങ്ങളിലാണ് കാമറകൾ സ്ഥാപിച്ചത്. പൊതുമേഖല സ്ഥാപനമായ
കെൽട്രോണാണ് കാമറകൾ സ്ഥാപിച്ചത്. ഹെൽമറ്റ്, സീറ്റ് ബെൽറ്റ്, വാഹനങ്ങളിലെ ആൾട്രേഷൻ, അമിതവേഗം തുടങ്ങിയ നിയമലംഘനങ്ങൾ കാമറ വഴി കണ്ടെത്തി പിഴ ഈടാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തിരുവനന്തപുരത്തെ കൺേട്രാൾ റൂമുമായി
യോജിപ്പിക്കാൻ കഴിയാത്തതും സോഫ്റ്റ്വെയറിലെ പ്രശ്നങ്ങളുമാണ് കാമറയുടെ പ്രവർത്തനത്തെ ബാധിച്ചത്. ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച കാമറകൾ പ്രവർത്തിക്കാതെ കിടക്കുന്നത് നശിക്കാൻ സാധ്യതയേറെയാണ്. പദ്ധതി നടപ്പാകുമ്പേഴേക്കും കാമറകൾ പ്രവർത്തിക്കുമോയെന്ന ചോദ്യമുയരുന്നുണ്ട്. നേരത്തേ ടൗണുകളിൽ ട്രാഫിക്കിന്റ ഭാഗമായി സ്ഥാപിച്ച കാമറകൾ പലതും ചുരുങ്ങിയ കാലത്തിനിടക്ക് പ്രവർത്തനം നിലച്ച അവസ്ഥയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.