ഇന്ധനം കിട്ടാനില്ല; എൽ.പി.ജി ഓട്ടോ തൊഴിലാളികൾ ദുരിതത്തിൽ
text_fieldsവടകര: ഇന്ധനം ലഭിക്കാത്തതുമൂലം എൽ.പി.ജി ഓട്ടോ തൊഴിലാളികൾ ദുരിതത്തിൽ. കഴിഞ്ഞ 50 ദിവസമായി ഇന്ധനം ലഭിക്കാത്തതുകാരണം ഓട്ടോ തൊഴിലാളികളുടെ ജീവിതം വഴിമുട്ടിയിരിക്കുകയാണ്. മേഖലയിലെ ഏക എൽ.പി.ജി റീഫില്ലിങ് കേന്ദ്രമായ പയ്യോളിയിലെ പമ്പിൽ നിന്നായിരുന്നു ഓട്ടോകൾ ഇന്ധനം നിറച്ചിരുന്നത്.
ഇവിടെ ശുചിമുറി നിർമിച്ചതുമായി ബന്ധപ്പെട്ട് സുരക്ഷാ കാരണം പറഞ്ഞാണ് ഇവരുടെ ലൈസൻസ് പുതുക്കാതിരുന്നത്. എന്നാൽ, ശുചിമുറി പൊളിച്ചുമാറ്റി സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചിട്ടും ഇന്ത്യൻ ഓയിൽ കോർപറേഷൻ ഗ്യാസ് നിറക്കുന്നില്ലെന്നാണ് ഡ്രൈവർമാരുടെ പരാതി. പയ്യോളി കഴിഞ്ഞാൽ കോഴിക്കോട് മാത്രമാണ് എൽ.പി.ജി പമ്പുള്ളത്.
ഓട്ടോ തൊഴിലാളികൾ ഓടാൻ കഴിയാത്തതുകാരണം വാഹനത്തിന്റെ വായ്പ അടക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. വിഷയം ഇന്ത്യൻ ഓയിൽ കോർപറേഷൻ കൊച്ചി ഡയറക്ടർ, മാനേജർ, ജില്ല കലക്ടർ എന്നിവരുടെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു.
ഉടൻ പുന:സ്ഥാപിക്കുമെന്ന് പറയുന്നതല്ലാതെ ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്ന് കെ.കെ. രമ എം.എൽ.എ പറഞ്ഞു. വിഷയത്തിൽ അടിയന്തര പരിഹാരം കാണാൻ ഇന്ത്യൻ ഓയിൽ കോർപറേഷൻ അധികാരികൾ തയാറാകണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.