നോക്കുകുത്തിയായി സിവിൽ സപ്ലൈസ്, പരിശോധനകളില്ല
text_fieldsവടകര: നോക്കുകുത്തിയായി പൊതുവിതരണ വകുപ്പ്, വിപണിയിൽ പരിശോധനയില്ല. നേരത്തേ സജീവമായിരുന്ന പൊതുവിപണിയിലെ പരിശോധന ഇപ്പോൾ നിലച്ചിരിക്കുകയാണ്.
കരിഞ്ചന്ത, പൂഴ്ത്തിവെപ്പ് തുടങ്ങിയവക്കെതിരെ കർശന നടപടി സ്വീകരിക്കേണ്ട പൊതുവിതരണ വകുപ്പ് മാർക്കറ്റുകളിൽ ഇടപെടുന്നില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്. താലൂക്കിൽ കോഴിയിറച്ചി ഉൾപ്പെടെയുള്ളവക്ക് വ്യത്യസ്ത വിലയാണ്. കടകളിൽ ഒരു പരിശോധനയും നടക്കാത്തത് കച്ചവടക്കാർക്ക് ചാകരയാണ്.
മരുന്നുകടകളിൽ വരെ പരിശോധന നടത്തി കൃത്യമായ മാർഗ നിർദേശങ്ങൾ നൽകിയിരുന്ന പൊതുവിതരണ വകുപ്പിലെ ജനകീയ ഓഫിസറുടെ സ്ഥലംമാറ്റത്തോടെയാണ് പരിശോധനകൾ നിലച്ചതെന്ന ആക്ഷേപമുണ്ട്. അനർഹ റേഷൻ കാർഡുകൾ പിടിച്ചെടുക്കുന്ന പരിശോധനകൾ കർശനമായി നേരത്തേ നടപ്പാക്കിയിരുന്നു. ഉദ്യേഗസ്ഥർ ഈ വഴിക്ക് തിരിഞ്ഞുനോക്കാറില്ലെന്ന് ആക്ഷേപമുണ്ട്.
റേഷൻ കടകളിലെ കൃത്രിമം കണ്ടെത്താനുള്ള പരിശോധന വഴിപാടായി മാറുന്നതായും പരാതിയുണ്ട്. സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് നടപടികളുണ്ടാവുന്നില്ല. പൊതുവിപണി നിരീക്ഷിക്കുക, അമിതവില, കരിഞ്ചന്ത എന്നിവ തടയുക, വില വിവരപ്പട്ടിക പ്രദർശിപ്പിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുക ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃ വകുപ്പിന്റെ ഉത്തരവാദിത്തമാണ്.
തട്ടുകടകൾ, പലചരക്ക്, പച്ചക്കറിക്കട, ഹോട്ടൽ, മത്സ്യ-മാംസ മാർക്കറ്റുകൾ, എൽ.പി.ജി ഔട്ട്ലറ്റ്, പെട്രോൾ പമ്പ് തുടങ്ങി ഉപഭോക്താവിന്റെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് പരിശോധിച്ച് ഉറപ്പാക്കേണ്ടതും ആവശ്യമായ റിപ്പോർട്ട് നൽകേണ്ടതും താലൂക്ക് സപ്ലൈ ഓഫിസിന്റെ ചുമതലയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.