ചാർജ് വർധനക്ക് പരിഹാരമായില്ല; വടകര റെയിൽവേ സ്റ്റേഷൻ പാർക്കിങ് ഫീസ് പിരിക്കാൻ ഇനി പുതിയ കമ്പനി
text_fieldsവടകര റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് സ്ഥലം
വടകര: അമൃത് പദ്ധതിയിൽ വികസനം പുരോഗമിക്കുന്ന വടകര റെയിൽവേ സ്റ്റേഷനിൽ പാർക്കിങ് ഫീസ് പിരിക്കാൻ വ്യാഴാഴ്ച മുതൽ പുതിയ കരാർ കമ്പനി. വാഹനങ്ങളുടെ പാർക്കിങ് ഫീസ് വർധിപ്പിച്ചതിനെ തുടർന്ന് ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ സ്റ്റേഷന് പുറത്ത് നിർത്തുന്നത് പതിവായിരുന്നു.
ഇതോടെ നേരത്തേ കരാറെടുത്തവർ നഷ്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടി കരാറിൽനിന്നും പിൻവാങ്ങി. തുടർന്നാണ് റെയിൽവേ പുതിയ കരാർ നൽകിയത്. മലപ്പുറം ആസ്ഥാനമായ എഫ്.ജെ ഇന്നവേറ്റീവ് പ്രോപ്പർട്ടി ലിമിറ്റഡ് കമ്പനിയാണ് കരാറെടുത്തത്. 95,23,333 രൂപക്കാണ് പുതിയ കരാർ. കഴിഞ്ഞ തവണ 1.10 കോടി രൂപയായിരുന്നു കരാർ. കുറഞ്ഞ തുകക്കാണ് ഇത്തവണ ടെൻഡർ ഉറപ്പിച്ചത്.
പാർക്കിങ് ഫീസ് പിരിക്കുന്നതിൽ നിന്ന് കരാറുകാരൻ ഒരു മാസത്തോളമായി പിൻമാറിയിട്ട്. ഇതിനാൽ നിലവിൽ ഫീസ് നൽകാതെയാണ് വാഹനങ്ങൾ നിർത്തിയത്.അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി വിശാലമായ പാർക്കിങ് സൗകര്യമാണ് സ്റ്റേഷനിൽ ഒരുക്കിയത്.
ആയിരത്തിലധികം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സൗകര്യമുണ്ട്. വടക്ക് ഭാഗത്ത് പുതിയ പാർക്കിങ് ഏരിയയുടെ നിർമാണം പുരോഗമിക്കുന്നുണ്ട്. യാത്രക്കാരിൽ ഭൂരിഭാഗവും പാർക്കിങ് ഏരിയ ഉപയോഗിക്കാതെ റെയിൽവേയോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങൾ ഉപയോഗപ്പെടുത്തിയതാണ് റെയിൽവേക്ക് തിരിച്ചടിയായത്. പാർക്കിങ് ചാർജ് കുറക്കണമെന്ന ആവശ്യത്തോട് റെയിൽവേ ഇതുവരെ അനുഭാവപൂർണമായ നടപടികൾ സ്വീകരിച്ചിട്ടില്ല.
ഓട്ടോ പാർക്കിങ്ങുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്നങ്ങൾക്കും പരിഹാരമായിട്ടില്ല. ഓട്ടോറിക്ഷയുടെ പേ പാർക്കിംങ് ഫീസ് കുത്തനെ വർധിപ്പിച്ചതിനാൽ ഭൂരിഭാഗം ഓട്ടോകളും സ്റ്റേഷന് പുറത്ത് നിന്നാണ് സർവീസ് നടത്തുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.