വാഹനമില്ല; വടകര ജില്ല ആശുപത്രി പ്രവർത്തനം താളംതെറ്റുന്നു
text_fieldsവടകര: ജില്ല ഗവ. ആശുപത്രിക്കു സ്വന്തമായി വാഹനമില്ല; ദൈനംദിന പ്രവർത്തനങ്ങൾ താളംതെറ്റുന്നു. 15 വർഷമായി ആശുപത്രിയുടെ ആവശ്യത്തിന് ഉപയോഗിച്ചിരുന്ന വാഹനത്തിന്റെ ഫിറ്റ്നസ് നഷ്ടമായതോടെ പുതുതായി ആശുപത്രിക്ക് വാഹനം അനുവദിച്ചിട്ടില്ല. വടകര നഗരത്തിലെ പൊതുജന ആരോഗ്യപ്രവർത്തനത്തിന് തലങ്ങും വിലങ്ങും ഓടിയിരുന്ന വാഹനം നഷ്ടമായതോടെ ആരോഗ്യവകുപ്പ് കിതക്കുകയാണ്.
പ്രതിരോധ കുത്തിവെപ്പ്, ട്രൈബൽ പ്രീമെട്രിക് ഹോസ്റ്റൽ സന്ദർശനം, സബ്ജയിൽ സന്ദർശനം, തണൽ അഗതി മന്ദിര സന്ദർശനം എന്നിവക്കും വിവിധങ്ങളായ ക്യാമ്പ് നടത്തിപ്പിന് ഡോക്ടർമാരെയും ജീവനക്കാരെയും മരുന്ന് അനുബന്ധ സാധനങ്ങൾ എന്നിവ എത്തിക്കുന്നതിനും നിലവിൽ ഏറെ പ്രയാസം അനുഭവിക്കുകയാണ്.
കേരള മെഡിക്കൽ സർവിസസ് കോർപറേഷനിൽനിന്ന് മരുന്നുകളും മറ്റു സാധനങ്ങൾ എത്തിക്കുന്നതിനും നിലവിൽ കാലതാമസം നേരിടുന്നുണ്ട്.
പുതിയ വാഹനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലേക്ക് അപേക്ഷ സമർപ്പിച്ചെങ്കിലും പുതിയ വാഹനം അനുവദിച്ചുകിട്ടുന്ന കാര്യത്തിൽ തുടർ നടപടികൾ ഉണ്ടായിട്ടില്ല. സ്വന്തമായി വാഹനം ആരോഗ്യവകുപ്പ് അനുവദിക്കുമെന്നുള്ള പ്രതീക്ഷ മങ്ങിയതോടെ ആശുപത്രി സൂപ്രണ്ട് എസ്.ബി.ടി വടകര ശാഖയുടെ സഹായം തേടിയിട്ടുണ്ട്.
ഇതുസംബന്ധിച്ച് കത്ത് എസ്.ബി.ടി ബ്രാഞ്ച് മാനേജർക്ക് നൽകിയിട്ടുണ്ട്. ജില്ല ആശുപത്രിയായി വടകര ഗവ. ആശുപത്രിയെ ഉയർത്തിയെങ്കിലും അടിസ്ഥാന സൗകര്യങ്ങളില്ലാതെ അധികൃതർ വലയുകയാണ്. ദിനംപ്രതി 1500നും 2000നുമിടയിൽ രോഗികൾ ചികിത്സ തേടിയെത്തുന്ന ആശുപത്രിക്കാണ് ദുർഗതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.