ഓണം സ്പെഷൽ ഡ്രൈവ്; അതിർത്തി ചെക്പോസ്റ്റുകളിൽ പരിശോധന കർശനം
text_fieldsവടകര: ഓണം പ്രമാണിച്ച് വിദേശ മദ്യക്കടത്ത് തടയാൻ ജില്ല അതിർത്തി ചെക്പോസ്റ്റുകളിൽ കർശന പരിശോധന. മാഹി, പന്തക്കൽ, പള്ളൂർ എന്നിവിടങ്ങളിൽനിന്ന് മദ്യക്കടത്ത് വർധിച്ചതോടെ ഓണം സ്പെഷൽ ഡ്രൈവ് എന്നപേരിലാണ് പൊലീസും എക്സൈസും പരിശോധന കർശനമാക്കിയത്.
മാഹിയുമായി അതിർത്തിപങ്കിടുന്ന അഴിയൂർ, കണ്ണൂർ ജില്ല അതിർത്തിയായ പെരിങ്ങത്തൂർ, മുണ്ടത്തോട്, ചെറ്റക്കണ്ടി, കായലോട്ട് താഴെ എന്നിവിടങ്ങളിലാണ് കർശന പരിശോധന നടത്തുന്നത്. ട്രെയിനിലൂടെയുള്ള മദ്യക്കടത്ത് തടയാൻ ആർ.പി.എഫ് പരിശോധന നടത്തുന്നുണ്ട്. പരിശോധന കർശനമാക്കിയതോടെ ഊടുവഴികളിലൂടെയും എസ്കോർട്ട് വാഹനങ്ങളുടെ അകമ്പടിയോടെയും മദ്യക്കടത്ത് സംഘങ്ങൾ പുതിയ മാർഗം തുറന്നിട്ടുണ്ട്.
മാഹിയിൽനിന്ന് മദ്യം പ്രാദേശിക അടിസ്ഥാനത്തിലെത്തിച്ച് നൽകാൻ പ്രത്യേക ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ട്. ഇതര ജില്ലകളിലേക്ക് അടക്കം വൻതോതിലാണ് മാഹിമദ്യം ഒഴുകുന്നത്. ആഡംബര വാഹനങ്ങളടക്കം കടത്തിന് ഉപയോഗിക്കുന്നുണ്ട്. ജില്ല അതിർത്തിയായ അഴിയൂർ ചെക്പോസ്റ്റിൽ വാഹനമില്ലാത്തത് എക്സൈസിനെ കുഴക്കുന്നു. ചീറിപ്പാഞ്ഞുപോകുന്ന ആഡംബര വാഹനങ്ങൾക്കു മുന്നിൽ എക്സൈസ് നോക്കുകുത്തിയാകുന്ന അവസ്ഥയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.