ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങൾ വിലസുന്നു
text_fieldsവടകര: ഇതര സംസ്ഥാനങ്ങളിൽ പഠിക്കുന്ന പെൺകുട്ടികളുടെ രക്ഷിതാക്കളെ കെണിയിൽ വീഴ്ത്തി ഓൺലൈൻ തട്ടിപ്പ്. തട്ടിപ്പിൽ വടകരയിൽ നിരവധി പേർ ഇരകളായി. മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ട് മകൾ പൊലീസിന്റെ കസ്റ്റഡിയിലുണ്ടെന്നും പണം നൽകിയാൽ കേസ് ഒതുക്കിത്തീർക്കാമെന്നും പറഞ്ഞ് മക്കളുടെ ഫോട്ടോയും ഫോൺ നമ്പറും മൊബൈൽ ഫോൺ സ്ക്രീനിൽ കാണിച്ചാണ് ഫോൺവിളികൾ വരുന്നത്. വിശ്വാസ്യതക്ക് ശക്തിപകരാന്‍ പശ്ചാത്തലത്തില്‍ പൊലീസ് വാഹനത്തിന്റെ സൈറണ്‍ കേള്‍ക്കാം. കൂടാതെ പൊലീസ് ഉദ്യോഗസ്ഥന്റെ യൂനിഫോം അണിഞ്ഞ ആളുടെ ചിത്രവും ചില ഫോൺകാളുകളുടെ സ്ക്രീനില്‍ തെളിയുന്നുണ്ട്.
ഫോൺവിളിയുടെ ഞെട്ടലിൽ പുറംലോകമറിയാതെ കേസൊതുക്കി മക്കളെ രക്ഷിക്കാൻ ഓൺലൈൻ വഴി പണം കൈമാറിക്കഴിയുമ്പോഴാണ് ചതിയിൽപെട്ട വിവരം പലരും അറിയുന്നത്. തട്ടിപ്പിനിരയായി മാനഹാനി ഭയന്ന് സംഭവം ഒളിച്ചുവെച്ച നിരവധി സംഭവങ്ങളാണ് ഇപ്പോൾ വെളിച്ചത്തുവരുന്നത്. നാദാപുരത്തെ രക്ഷിതാവിന് ഹൈദരാബാദിൽ പഠിക്കുന്ന മകൾ മയക്കുമരുന്ന് കേസിൽ പിടിയിലായെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ദിവസം ഫോൺവിളിയെത്തിയത്. ഇദ്ദേഹത്തിന്റെ മകന്റെ അവസരോചിത ഇടപെടലിൽ 5000 രൂപ മാത്രമേ നഷ്ടപ്പെട്ടിട്ടുള്ളൂ. മകളും നാലുപേരും കസ്റ്റഡിയിലാണെന്നാണ് ഫോൺ ചെയ്ത ആൾ വ്യക്തമാക്കിയത്. അഞ്ച് ലക്ഷം രൂപയാണ് കസ്റ്റഡിയിൽനിന്ന് വിട്ടയക്കാൻ ആവശ്യപ്പെട്ടത്.
കല്ലിക്കണ്ടിയിലും സമാന സംഭവത്തിൽ പണം, സംസ്ഥാനത്തിന് പുറത്ത് പഠിക്കുന്ന പെൺകുട്ടിയുടെ പിതാവിന് നഷ്ടപ്പെടുകയുണ്ടായി. വെള്ളിക്കുളങ്ങരയുള്ള ഇവരുടെ ബന്ധുവായ സ്ത്രീയെ രണ്ടുദിവസം മുമ്പ് വിളിച്ച് ചെന്നൈയിലുള്ള മകൾ മയക്കുമരുന്നുമായി പിടിയിലായെന്ന് വിളിച്ചറിയിക്കുകയുണ്ടായി. മുൻ അനുഭവത്തിന്റെ വെളിച്ചത്തിൽ ഇവർക്ക് കാര്യം മനസ്സിലായി പണം നഷ്ടപ്പെടാതെ രക്ഷപ്പെട്ടു.
ചതിയിൽപെട്ടവർ ഫോൺകാൾ വരുമ്പോൾ മക്കളെ വിളിച്ച് ഉറപ്പുവരുത്താൻ തുനിഞ്ഞിരുന്നില്ല. വിളിക്കുന്ന ആളുടെ തന്ത്രപരമായ നീക്കത്തിൽ പലരും വീണുപോവുകയാണുണ്ടായത്. തട്ടിപ്പുസംഘങ്ങൾക്ക് കുട്ടികളുടെ പേരും ഫോൺ നമ്പറുകളും കുടുംബവിവരങ്ങളും എങ്ങനെ ലഭിക്കുന്നുവെന്നത് അജ്ഞാതമാണ്. തട്ടിപ്പിനിരയായ ചിലർ തക്കസമയത്ത് സൈബർ പൊലീസിന് പരാതി നൽകിയതിനാൽ പണം തിരിച്ചുപിടിക്കാൻ കഴിഞ്ഞ സംഭവങ്ങളും മേഖലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ പലതരത്തിലും മുന്നിലെത്താമെന്നും കടുത്ത ജാഗ്രത വേണമെന്നുമാണ് സൈബർ പൊലീസ് നൽകുന്ന മുന്നറിയിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.