നിറഞ്ഞുകവിഞ്ഞ് വാഹനങ്ങൾ; എക്സൈസ് ഓഫിസിൽ വാഹനങ്ങൾ നശിക്കുന്നു
text_fieldsവടകര: എക്സൈസ് ഓഫിസ് പരിസരം പിടിച്ചെടുത്ത വാഹനങ്ങൾകൊണ്ട് നിറഞ്ഞു കവിഞ്ഞു. സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഓഫിസിൽ പുതുതായി പിടിച്ചെടുക്കുന്ന വാഹനങ്ങൾ നിർത്തിയിടാൻ സ്ഥലവുമില്ല. ബൈക്ക്, കാർ, ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള വാഹനങ്ങളാണ് സിവിൽ സ്റ്റേഷൻ മുറ്റത്ത് വെയിലും മഴയുമേറ്റ് നശിക്കുന്നത്. എക്സൈസ് പിടിച്ചെടുത്ത വാഹനങ്ങളിൽ കൂടുതലും ബൈക്കുകളാണ്. നൂറിൽപരം വാഹനങ്ങൾ ഓഫിസ് പരിസരത്ത് നിലവിലുണ്ട്.
മദ്യം, മയക്കുമരുന്ന് ഉൾപ്പെടെയുള്ള കേസുകളിൽ ഉൾപ്പെട്ട വാഹനങ്ങൾ കേസുകളുടെ നടപടി ക്രമങ്ങൾ പൂർത്തിയാകാൻ കാലതാമസമെടുക്കുന്നതിനാൽ തുരുമ്പെടുത്ത് നശിക്കുകയാണ് പതിവ്.
അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ പിടിച്ചെടുക്കുന്ന വാഹനങ്ങൾ നശിക്കാതെ സൂക്ഷിക്കാൻ എക്സൈസിന് കഴിയാറില്ല. സിവിൽ സ്റ്റേഷനു സമീപം പ്രവർത്തിക്കുന്ന എക്സൈസ് ഓഫിസിനരികിൽ കുറച്ചു ഭാഗം ഒഴിഞ്ഞുകിടക്കുന്നുണ്ടെങ്കിലും ഇവിടെ ശുചീകരിക്കാത്തതിനാൽ വാഹനങ്ങൾ സൂക്ഷിക്കാനാകില്ല. വടകര എക്സൈസ് പരിധി വിപുലമായതിനാൽ പിടിച്ചെടുക്കുന്ന വാഹനങ്ങളുടെ എണ്ണവും കൂടുതലാണ്. കൂടാതെ മാഹിയുമായി അതിർത്തി പങ്കിടുന്നതിനാൽ മദ്യം കടത്തിൽ ഉൾപ്പെടുന്ന നിരവധി വാഹനങ്ങളാണ് എക്സൈസ് പിടികൂടുന്നത്. എക്സൈസ് റേഞ്ച് ഓഫിസിനു പുറമെ സർക്കിൾ ഓഫിസും തൊട്ടടുത്തായാണ് പ്രവർത്തിക്കുന്നത്. ഇതിനാൽ ഇരു സംഘങ്ങളും പിടികൂടുന്ന വാഹനങ്ങൾ ഒരേ സ്ഥലത്താണ് സൂക്ഷിക്കുന്നത്. എക്സൈസിന് സൗകര്യപ്രദമായ സ്ഥലം ലഭ്യമാക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും നടപ്പായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.