ചെരണ്ടത്തൂർ ചിറയിൽ നെൽകൃഷി വെള്ളപ്പൊക്ക ഭീഷണിയിൽ
text_fieldsവടകര: താലൂക്കിന്റെ നെല്ലറയായ ചെരണ്ടത്തൂർ ചിറയിൽ നെൽകൃഷി വെള്ളപ്പൊക്ക ഭീഷണിയിൽ. 300 ഏക്കറോളം വരുന്ന പാടത്തെ നെൽകൃഷിയാണ് പുഴയിലേക്ക് വെള്ളം ഒഴുകിപ്പോകുന്നത് തടസ്സപ്പെട്ടതിനാൽ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത്.
കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ പാടത്ത് പലയിടങ്ങളിലായി വെള്ളം കെട്ടിക്കിടക്കുകയാണ്. അശാസ്ത്രീയമായി നിർമിച്ച തടയണയാണ് വെള്ളം പുഴയിലേക്ക് ഒഴുകിപ്പോകുന്നതിന് തടസ്സമായി നിൽക്കുന്നത്. മൂന്നിടങ്ങളിലാണ് ഒഴുക്ക് തടസ്സപ്പെടുന്ന രീതിയിൽ തടയണ നിർമിച്ചത്. തടയണ പൊളിച്ചുനീക്കുമെന്ന് അധികൃതർ കർഷകർക്ക് ഉറപ്പുനൽകിയെങ്കിലും പാലിക്കപ്പെട്ടിട്ടില്ല. വേനൽമഴ തുടരുകയാണെങ്കിൽ കർഷകർക്ക് നഷ്ടം താങ്ങാൻ കഴിയില്ല.
കഴിഞ്ഞതവണ ശക്തമായ മഴയിൽ 100 ഏക്കറോളം നെൽകൃഷിയാണ് നശിച്ചത്. സ്വയംസഹായ സംഘങ്ങളുടെയും സ്വകാര്യ വ്യക്തികളുടെയും നേതൃത്വത്തിൽ പാട്ടത്തിനെടുത്താണ് നെൽകൃഷി ചെയ്തത്. കൊയ്യാറായ നെൽകൃഷിയാണ് മഴക്കെടുതിയിൽ പൂർണമായും നശിച്ചത്.
80 കർഷകരുടെയും ഒരു സ്വയംസഹായ സംഘത്തിന്റെയും നെൽകൃഷിയാണ് നശിച്ചത്. 67 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ഇത്തവണയും നെൽകൃഷി ഇറക്കിയവർ ആശങ്കയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.