വടകര റെയിൽവേ സ്റ്റേഷനിൽ പാർക്കിങ് ഫീസ് വീണ്ടും കുത്തനെ കൂട്ടി
text_fieldsവടകര: റെയിൽവേ സ്റ്റേഷനിൽ വാഹന പാർക്കിങ് ഫീസ് വീണ്ടും കുത്തനെ കൂട്ടി. കഴിഞ്ഞ ദിവസം പരാതിയെ തുടർന്ന് പിൻവലിച്ച ഫീസാണ് പുതിയ പാർക്കിങ് ഏരിയ തുറന്നപ്പോൾ വർധിപ്പിച്ചത്. ഇരുചക്ര വാഹനങ്ങൾക്കുൾപ്പെടെ വൻ വർധനയാണ് വരുത്തിയത്. ഫീസ് വർധനയിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. വടകര റെയിൽവേ സ്റ്റേഷനിൽനിന്ന് വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്ന തൊഴിലാളികളും ജീവനക്കാരുമുൾപ്പെടെയുള്ളവർക്ക് ചാർജ് വർധന വൻ തിരിച്ചടിയായി. ഇരുചക്ര വാഹനങ്ങൾക്ക് 12 രൂപയുണ്ടായിരുന്നതാണ് ഒറ്റയടിക്ക് 20 രൂപയാക്കിയത്. മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി റെയിൽവേയും കരാറുകാരും ചേർന്ന് യാത്രക്കാരെ കൊള്ളയടിക്കുകയാണെന്ന് ആക്ഷേപമുണ്ട്.
കാർ ഉൾപ്പെടെയുള്ള നാലുചക്ര വാഹനങ്ങൾക്ക് 12 മണിക്കൂറിന് 60 രൂപയാക്കിയാണ് വർധിപ്പിച്ചത്. 24 മണിക്കൂറിന് 100 രൂപയാണ് ചാർജ്. മാസത്തെ പാർക്കിങ് ഫീസ് 300ൽനിന്ന് 500 ആയി. ഓട്ടോ പാർക്കിങ് ചാർജ് വർധന തൊഴിലാളികളുടെ പ്രതിഷേധത്തെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ചിരുന്നു. മുച്ചക്ര വാഹനങ്ങളുടെ ചാർജ് നാലുചക്രവാഹനങ്ങൾക്ക് സമാനമായി വർധിപ്പിച്ചിട്ടുണ്ട്.
പുതിയ പാർക്കിങ് സ്ഥലം തുറന്നതോടെ വർധന സംബന്ധിച്ച് തീരുമാനമെടുക്കേണ്ടി വരും. റെയിൽവേ 1.17 കോടി രൂപക്കാണ് പാർക്കിങ് ഒരു വർഷത്തേക്ക് പുതിയ കരാർ നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.