പാർക്കിങ് ഫീസ് വർധിപ്പിച്ചു; ഓട്ടോറിക്ഷകളെ റെയിൽവേ കുടിയിറക്കി
text_fieldsവടകര: അമൃത് ഭാരത് പദ്ധതിയിൽ നവീകരണ പ്രവൃത്തി നടക്കുന്ന വടകര റെയിൽവേ സ്റ്റേഷനിൽനിന്ന് ഓട്ടോറിക്ഷകളെ റെയിൽവേ കുടിയിറക്കി. റെയിൽവേ വാഹനങ്ങളുടെ പാർക്കിങ് ഫീസ് കുത്തനെ വർധിപ്പിച്ചിരുന്നു. ഇതിനിടെ, ഓട്ടോറിക്ഷകളുടെ പാർക്കിങ് ഫീസ് ഇരട്ടിയിലേറെ വർധിപ്പിച്ചതോടെയാണ് ഓട്ടോറിക്ഷകൾ റെയിൽവേ സ്റ്റേഷനിൽനിന്ന് പുറത്തായത്.
300 രൂപയുണ്ടായിരുന്ന ഓട്ടോ പാർക്കിങ് ഫീസ് 590 രൂപയാക്കിയാണ് വർധിപ്പിച്ചത്. ഇതോടെ ഓട്ടോ ഡ്രൈവർമാർ പ്രതിഷേധവുമായി രംഗത്തെത്തുകയും റെയിൽവേ സ്റ്റേഷന് പുറത്ത് റോഡിൽനിന്ന് ഓട്ടോ സർവിസ് നടത്തുകയുമായിരുന്നു. ഇതേത്തുടർന്ന് യാത്രക്കാർക്ക് നടന്ന് റോഡിലെത്തി ഓട്ടോയിൽ കയറി യാത്ര ചെയ്യേണ്ട സ്ഥിതിയാണ്. ഇരുചക്ര വാഹനങ്ങൾക്ക് ഉൾപ്പെടെ ഭീമമായ പാർക്കിങ് ചാർജ് ഏർപ്പെടുത്തിയതിന് പ്രതിഷേധം നിലനിൽക്കെയാണ് ഓട്ടോറിക്ഷകളുടെ പാർക്കിങ് ചാർജും ഉയർത്തിയത്.
നേരത്തേ ഓട്ടോ പാർക്കിങ് ചാർജ് വർധിപ്പിച്ചത് പ്രതിഷേധത്തെ തുടർന്ന് നിർത്തിവെച്ചിരുന്നു. പൊലീസും റെയിൽവേ അധികൃതരും ട്രേഡ് യൂനിയൻ പ്രതിനിധികളുമായി സംസാരിച്ച് ഒക്ടോബർ ഒന്നു മുതൽ പത്ത് വരെ രജിസ്ട്രേഷൻ നടത്തി അതിനുശേഷം ഉചിതമായ തീരുമാനമെടുക്കാമെന്നാണ് ധാരണയായത്. 100 ഓട്ടോറിക്ഷകളിൽ കൂടുതൽ ഉണ്ടെങ്കിൽ വർധന കുറക്കുന്നതു സംബന്ധിച്ച് പഠിച്ചശേഷം അറിയിക്കാമെന്നും പാലക്കാട് ഡിവിഷനൽ മാനേജർ ട്രേഡ് യൂനിയൻ നേതാക്കളെ അറിയിച്ചിരുന്നു.
എന്നാൽ, തീരുമാനങ്ങൾ കാറ്റിൽ പറത്തിയാണ് വ്യാഴാഴ്ച രാവിലെ മുതൽ പാർക്കിങ് ഫീസ് വർധിപ്പിച്ചത്. ദീർഘദൂര ട്രെയിനുകൾ വരുമ്പോൾ മാത്രമാണ് ഓട്ടോറിക്ഷകൾക്ക് കാര്യമായി ഓട്ടം ലഭിക്കാറുള്ളത്. ഇതിനായി വലിയ പാർക്കിങ് ഫീസ് നൽകാൻ കഴിയില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്. നവീകരണത്തിന്റെ ഭാഗമായി വിശാലമായ പാർക്കിങ് സ്ഥലം ഒരുക്കിയതോടെയാണ് ഫീസ് കുത്തനെ കൂട്ടിയത്. ഒരു മാനദണ്ഡവും പാലിക്കാതെ സാധാരണക്കാരെ പിഴിയുന്ന റെയിൽവേ നടപടിയിൽ പ്രതിഷേധം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.