വടകര ഗവ. ജില്ല ആശുപത്രിയിൽ രോഗികൾ വലയുന്നു
text_fieldsവടകര: മലയോര മേഖലയിലുൾപ്പെടെ നൂറുകണക്കിന് രോഗികൾ ആശ്രയിക്കുന്ന വടകര ഗവ. ജില്ല ആശുപത്രിയിൽ ഒ.പി ടിക്കറ്റ് ലഭിക്കാതെ രോഗികൾ വലയുന്നു. ഇടുങ്ങിയ സ്ഥലത്ത് രോഗികളെ ഉൾകൊള്ളാൻ കഴിയാത്ത സ്ഥലത്ത് ഒ.പി കൗണ്ടർ പ്രവർത്തിക്കുന്നതാണ് വിനയാവുന്നത്. തിങ്കളാഴ്ച 1500ലധികം പേരാണ് ആശുപത്രി ഒ.പിയിൽ ചികിത്സ തേടിയെത്തിയത്. കടുത്ത ചൂടിൽ ഒ.പി ടിക്കറ്റിനായുള്ള കാത്തിരിപ്പിനിടയിൽ രോഗികൾ തലകറങ്ങി വീഴുക പതിവാണ്. കൗണ്ടറുകൾ വർധിപ്പിക്കാനോ സൗകര്യപ്രദമായ സ്ഥലത്തേക്ക് കൗണ്ടർ മാറ്റാനോ അധികൃതർ തയാറാകാത്തതാണ് ദുരിതത്തിന് കാരണം. തിങ്കളാഴ്ചകളിൽ സ്പെഷലിസ്റ്റ് ഡോക്ടർമാർ ഉൾപ്പെടെ പത്തോളം ഡോക്ടർമാരുടെ സേവനം ആശുപത്രിയിൽ ലഭിക്കുന്നതിനാൽ പുലർച്ച തന്നെ ഒ.പി ടിക്കറ്റിനായി നീണ്ട ക്യൂവാണ്. മലയോര മേഖലകളിൽനിന്ന് ആദിവാസികൾ ഉൾപ്പെടെയുള്ള രോഗികൾ ഏറെ പ്രയാസപ്പെട്ടാണ് ആശുപത്രിയിലെത്തുന്നത്.
ഭക്ഷണം പോലും കഴിക്കാതെയെത്തുന്നവരാണ് ഏറെനേരം ഒ.പി ടിക്കറ്റിനായി ക്യൂ നിൽക്കുന്നത്. ക്യൂവിൽ ഇടം നേടിയാലും ഒ.പി ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയുമുണ്ട്. സ്പെഷലിസ്റ്റ് ഡോക്ടർമാർ നിശ്ചിത രോഗികളെ മാത്രം പരിശോധിക്കുന്നതിനാൽ പലരും തിരിച്ചുപോയി സ്വകാര്യ ആശുപത്രികളെ അഭയം പ്രാപിക്കേണ്ടിവരുന്നു. ഡോക്ടർമാരെ കാണിച്ചാലും മരുന്ന് ലഭിക്കുന്നിടത്തും രോഗികളുടെ വർധനയനുസരിച്ചുള്ള സംവിധാനം ഇല്ല.
ആശുപത്രിയിൽ പുതിയ കെട്ടിടങ്ങളും ആധുനിക സജ്ജീകരണങ്ങളും ലഭ്യമാക്കിയെങ്കിലും അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്താൻ അധികൃതർ തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.