ദേശീയപാത വികസനത്തിനിടെ കേബിളുകൾ തകർത്തു; ലാൻഡ്ഫോണുകൾ കൂട്ടത്തോടെ പ്രവർത്തനരഹിതമായി
text_fieldsവടകര: ചോമ്പാൽ ടെലിഫോൺ എക്സ്ചേഞ്ചിലെ ലാൻഡ് ഫോണുകൾ കൂട്ടത്തോടെ പ്രവർത്തനരഹിതമായി. കുഞ്ഞിപ്പള്ളി, മുക്കാളി, കണ്ണൂക്കര, ചോമ്പാൽ ഭാഗത്തെ നിരവധി ഫോണുകളാണ് നിശ്ചലമായത്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഈ ഭാഗങ്ങളിൽ ലെവലിങ് പ്രവൃത്തി നടന്നുവരുകയാണ്.
ഒരു സുരക്ഷ മാനദണ്ഡവുമില്ലാതെ തലങ്ങുംവിലങ്ങുമായി പോയ മണ്ണുമാന്തി യന്ത്രങ്ങൾ ടെലിഫോൺ കേബിളുകൾ തകർത്തതാണ് കാരണമായത്. ആഴത്തിൽ കുഴിച്ചിട്ട കേബിളുകളാണ് ദേശീയപാത നിർമാണ കരാറെടുത്ത കമ്പനിയുടെ ജോലിക്കാർ നശിപ്പിച്ചത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ബി.എസ്.എൻ.എലിനുണ്ടായത്. തകർന്ന കേബിളുകൾ മാറ്റിസ്ഥാപിച്ച് കണക്ഷൻ പുനഃസ്ഥാപിക്കാൻ ആഴ്ചകളെടുക്കുമെന്നാണ് ബി.എസ്.എൻ.എൽ നൽകുന്ന വിശദീകരണം.
ഇന്റർനെറ്റ് കണക്ഷനെയും ഇത് ബാധിച്ചിട്ടുണ്ട്. കണക്ഷൻ പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഒരുവിധ നടപടിയും ബി.എസ്.എൻ.എൽ തുടങ്ങിയിട്ടില്ല. മറ്റു പ്രദേശങ്ങളിലും ദേശീയപാത ലെവലിങ് പ്രവൃത്തി തുടങ്ങിയാൽ ഈ മേഖലയിലും ലാൻഡ് ഫോണുകൾ നിശ്ചലമാകുന്ന സ്ഥിതിയാണ്. ബി.എസ്.എൻ.എൽ ദേശീയപാത കരാർ കമ്പനിയും ഒരുമിച്ചു പ്രവർത്തിച്ചാലേ മറ്റുമേഖലകളിൽ ലാൻഡ്ഫോണുകളെ രക്ഷിക്കാൻ കഴിയൂ എന്നാണ് അധികൃതർ പറയുന്നത്. ചോമ്പാൽ ടെലിഫോൺ എക്സ്ചേഞ്ചിലെ ലാൻഡ്ഫോൺ തകരാർ പരിഹാരിക്കണമെന്ന് താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.