അപകട വളവിൽ പരിശോധനയുമായി പൊലീസ്; ബൈക്ക് യാത്രികൻ അപകടത്തിൽപെട്ടു
text_fieldsവടകര: കൈനാട്ടി മേൽപാലത്തിന് സമീപം വളവിലെ പൊലീസ് പരിശോധന കാരണം ബൈക്ക് യാത്രികൻ അപകടത്തിൽപെട്ടു. മേൽപാലത്തിൽനിന്ന് ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന ഭാഗത്തുവെച്ച് ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.
മേൽപാലത്തിനുസമീപം പൊലീസ് പരിശോധനക്കായി ബൈക്ക് യാത്രികനെ കൈകാണിച്ചതോടെ നിർത്താനുള്ള ശ്രമത്തിനിടെ പിന്നിൽ നിന്നെത്തിയ ബസ് ഇടിച്ചാണ് ബൈക്ക് യാത്രികൻ അപകടത്തിൽപെട്ടത്. ബൈക്കിൽനിന്നും തെറിച്ചുവീണ യുവാവിനെ പൊലീസ് വാഹനത്തിൽതന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി ചികിത്സ നൽകി. സംഭവം കണ്ടുനിന്നവരും പൊലീസുമായി ഇതേച്ചൊല്ലി വാക്കേറ്റമുണ്ടായി.
നാദാപുരം ഭാഗത്തുനിന്ന് മേൽപാലമിറങ്ങി അമിത വേഗതയിൽ വരുന്ന വാഹനങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്. പരിശോധനക്കായി ഈ വാഹനങ്ങൾ വേഗത കുറക്കുമ്പോൾ പലപ്പോഴും തലനാരിഴക്കാണ് ഇവ കൂട്ടിയിടിക്കാതെ രക്ഷപ്പെടുന്നതെന്ന് സമീപവാസികൾ പറയുന്നു.
തിരക്കേറിയ ട്രാഫിക് ജങ്ഷനിലെ പരിശോധനക്കുപകരം മേൽപാലത്തിലേക്ക് കയറുന്ന ഭാഗത്തോ മറ്റോ പൊലീസ് പരിശോധന മാറ്റിയാൽ അപകടം ഒഴിവാക്കാൻ കഴിയുമെന്നാണ് നാട്ടുകാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.