പ്രധാനമന്ത്രി ജൻവികാസ് കാര്യക്രം പദ്ധതി; ജില്ല ആശുപത്രി കെട്ടിട നിർമാണം ഉടൻ, 25.18 കോടി ലഭിച്ചു
text_fieldsവടകര: പ്രധാനമന്ത്രി ജൻവികാസ് കാര്യക്രമിൽ അംഗീകരിച്ച ജില്ല ആശുപത്രിയുടെ പുതിയ കെട്ടിടനിർമാണം ഉടൻ ആരംഭിക്കാൻ സംസ്ഥാന ന്യൂനപക്ഷ ക്ഷേമ ഡയറക്ടർ മൊയ്തീൻകുട്ടിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ ധാരണയായി. കെട്ടിട നിർമാണത്തിനായി അംഗീകരിച്ച 83 കോടി രൂപയിൽ കേന്ദ്രവിഹിതമായ 25.18 കോടി സംസ്ഥാന സർക്കാറിന് ലഭിച്ചു.
സംസ്ഥാന വിഹിതമായ 16 കോടി രൂപകൂടി ഉടൻ അനുവദിക്കും. 2022 ജനുവരിയിൽ കെട്ടിട നിർമാണം ആരംഭിക്കണം. ഡയാലിസിസ് സെൻററിന് അനുവദിച്ച 2.11 കോടിയിൽ 63 ലക്ഷവും ലഭിച്ചിട്ടുണ്ട്. ഈ തുക ഉപയോഗിച്ച് യന്ത്രങ്ങൾ വാങ്ങാൻ നടപടികൾ സ്വീകരിക്കും. ജില്ല കലക്ടർക്കാണ് പദ്ധതിയുടെ നിർവഹണ ചുമതല. രണ്ടാഴ്ചക്കകം പുതുക്കിയ എസ്റ്റിമേറ്റും മറ്റും തയാറാക്കാൻ ധാരണയായി. കെട്ടിടനിർമാണം നടക്കുന്ന സ്ഥലവും ധന്വന്തരി ഡയാലിസിസ് സെൻററും ഡയറക്ടർ സന്ദർശിച്ചു.
നഗരസഭയുടെ മൂന്നു പദ്ധതികളും വേഗത്തിൽ ആരംഭിക്കാനും യോഗം തീരുമാനിച്ചു. ന്യൂനപക്ഷ, പിന്നാക്ക പ്രദേശങ്ങളിലെ ക്ഷേമ പ്രവർത്തനങ്ങൾക്ക് കേന്ദ്ര ന്യൂനപക്ഷ കമീഷൻ അനുവദിക്കുന്ന തുക ഉപയോഗിച്ചാണ് ആശുപത്രി കെട്ടിടം നിർമിക്കുന്നത്. അബ്ദുൽ റസാഖ്, ജില്ല പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ എൻ.എം. വിമല, നഗരസഭ ചെയർപേഴ്സൻ കെ.പി. ബിന്ദു, വൈസ് ചെയർമാൻ പി.കെ. സതീശൻ, ആശുപത്രി വികസന സമിതി അംഗം എടയത്ത് ശ്രീധരൻ, അഹമ്മദ് കബീർ, ബാബു മാമ്പള്ളി, കെ.വി. അലി, ആർ.എം.ഒ ഡോ. ഷിബിൻ, ജില്ല പഞ്ചായത്ത് എക്സി. എൻജിനീയർ ചന്ദ്രൻ, ഷൈജു, നഗരസഭ ഉദ്യോഗസ്ഥർ, യു.എൽ.സി.സി ഉദ്യോഗസ്ഥർ, ജില്ല പ്ലാനിങ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.