നിറയെ യാത്രക്കാരുമായി സ്വകാര്യ ബസുകൾ, പിറകെ ആളില്ലാതെ കെ.എസ്.ആർ.ടി.സി
text_fieldsവടകര: നഷ്ടത്തിലോടുന്ന വടകര-തൊട്ടിൽപാലം റൂട്ടിൽ കെ.എസ്.ആർ.ടി.സി സർവിസ് ആളില്ലാതെ. മുഴുവൻ യാത്രക്കാരുമായി സർവിസ് നടത്തുന്ന സ്വകാര്യ ബസുകൾക്കു പിറകെയാണ് യാത്രക്കാരില്ലാതെ കെ.എസ്.ആർ.ടി.സിയുടെ അഭ്യാസം. സമയനിഷ്ഠപോലും പാലിക്കാതെ സ്വകാര്യ ബസുകൾക്ക് പിറകിൽ പോകുന്നത് ഈ റൂട്ടിലെ പതിവു കാഴ്ചയാണ്. മലയോരത്തുനിന്ന് അതിരാവിലെ സർവിസ് നടത്തുന്ന ചില കെ.എസ്.ആർ.ടി.സി ബസുകൾക്ക് നല്ല വരുമാനമുണ്ട്.
ഈ റൂട്ടിൽ മറ്റു ബസുകൾ ഇല്ലാത്തതിനാലാണ് വരുമാനം ലഭിക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് ഉൾപ്പെടെ പോകുന്ന ബസുകളാണ് ലാഭത്തിലോടുന്നത്. ജീവനക്കാരുടെ അനാസ്ഥയിൽ ഒരു ട്രിപ്പിൽ 500 രൂപയിൽ താഴെ കലക്ഷനിൽ സർവിസ് നടത്തുന്ന ബസും റൂട്ടിലുണ്ട്.
ഇത്തരത്തിൽ വരുമാനം കുറഞ്ഞ ബസുകൾ ഗ്രാമീണ മേഖലയിൽ ബസുകൾ കുറവുള്ള റൂട്ടിലേക്ക് മാറ്റിയാൽ യാത്രക്കാർക്ക് ഉപകാരപ്രദമാവും. ചില കെ.എസ്.ആർ.ടി.സി ജീവനക്കാരും സ്വകാര്യ ബസുകളുമായുള്ള ഇടപാടാണ് ഇത്തരത്തിലുള്ള നീക്കത്തിന് പിന്നിലെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
ആളില്ലാ യാത്ര യാത്രക്കാർ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും ജീവനക്കാർ കണ്ടഭാവം നടിക്കുന്നില്ലെന്നും പരാതിയുണ്ട്. നേരത്തേ കെ.എസ്.ആർ.ടി.സി ബസുകളിൽ പരിശോധനകൾ ഉണ്ടായിരുന്നുവെങ്കിൽ നിലവിൽ ഈ റൂട്ടിൽ പരിശോധനകൾ ഉണ്ടാവാറില്ല.
തൊട്ടിൽപാലം ഡിപ്പോയിൽനിന്ന് അന്തർ സംസ്ഥാന റൂട്ടുകളിലടക്കം നിരവധി ബസുകൾ സർവിസ് നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.