യാത്രക്കാർ കുറഞ്ഞു; സ്വകാര്യ ബസ് തൊഴിലാളികൾ പ്രതിസന്ധിയിൽ
text_fieldsവടകര: നിപ പശ്ചാത്തലത്തിൽ യാത്രക്കാർ ഗണ്യമായി കുറഞ്ഞതോടെ സ്വകാര്യ ബസ് തൊഴിലാളികൾ പ്രതിസന്ധിയിൽ. വടകരയിൽനിന്ന് വിവിധ ഭാഗങ്ങളിലേക്ക് സർവിസ് നടത്തുന്ന ചില ബസുകൾ സർവിസ് നിർത്തുകയും ചിലത് ട്രിപ്പുകൾ ഒഴിവാക്കുകയും ചെയ്തു. വടകര പുതിയ സ്റ്റാൻഡിൽനിന്ന് കുറ്റ്യാടി ഭാഗത്തേക്കുള്ള ബസുകൾ മൊകേരിയിൽ ഓട്ടം അവസാനിപ്പിക്കുന്നതിനാൽ ഈ ഭാഗത്തേക്ക് യാത്രക്കാർ നന്നെ കുറവാണ്.
ജനങ്ങൾ അത്യാവശ്യ കാര്യങ്ങൾക്കുമാത്രം പുറത്തിറങ്ങുന്നതിനാൽ ബസുകളിൽ യാത്രക്കാരും കുറഞ്ഞു. മിക്ക ബസുകളും വിരലിലെണ്ണാവുന്ന യാത്രക്കാരുമായാണ് സർവിസ് നടത്തുന്നത്. കുറ്റ്യാടി ബസ് സ്റ്റാൻഡിലേക്ക് നിലവിൽ ബസുകൾ ഒന്നും പ്രവേശിക്കുന്നില്ല. വടകരയിൽനിന്ന് വില്യാപ്പള്ളി വഴി ആയഞ്ചേരിയിലേക്കുള്ള പത്തോളം ബസുകൾ സർവിസ് നിർത്തിവെച്ചു. വടകര, ആയഞ്ചേരി വഴി കക്കട്ടിലിലേക്കും കുറ്റ്യാടിയിലേക്കും ഭാഗികമായാണ് ബസ് സർവിസുള്ളത്. ഇവിടങ്ങളിൽ 20ഓളം ബസുകളാണ് സർവിസ് നടത്തിയിരുന്നത്.
വടകര പഴയ ബസ് സ്റ്റാൻഡിൽനിന്ന് ആയഞ്ചേരി വഴി കുറ്റ്യാടിയിലേക്ക് കെ.എസ്.ആർ.ടി.സി ഒരു ഷെഡ്യൂൾ മാത്രമാണ് സർവിസ് നടത്തുന്നത്. വടകര തണ്ണീർപന്തൽ റൂട്ടിലും യാത്രക്കാർ കുറഞ്ഞു. ഈ റൂട്ടിൽ വില്യാപ്പള്ളി ടൗൺ ഉൾപ്പെടെ ഏതാനും സ്റ്റോപ്പുകളിൽ ബസുകൾ നിർത്തി ആളുകളെ കയറ്റാനും ഇറക്കാനും പാടില്ലെന്ന കർശന നിർദേശവുമുണ്ട്. യാത്രക്കാർ കുറഞ്ഞതോടെ ബസ് തൊഴിലാളികളുടെ സ്ഥിതി ദയനീയമാണ്.
ആയഞ്ചേരി, തിരുവള്ളൂർ, വില്യാപ്പള്ളി പഞ്ചായത്തുകളിലെ 20ഓളം വാർഡുകൾ നിയന്ത്രണ മേഖലയായി പ്രഖ്യാപിച്ചതോടെ പ്രധാന ടൗണുകളിൽനിന്ന് ഉൾപ്രദേശത്തേക്കുള്ള ഓട്ടോ ടാക്സി സർവിസുകളും നിലച്ച നിലയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.