അപകട ഭീഷണി ഉയർത്തി പുത്തൻനട ചീർപ്പ്
text_fieldsവടകര: മണിയൂർ പഞ്ചായത്തിനെയും വടകര നഗരസഭയെയും ബന്ധിപ്പിക്കുന്ന പുത്തൻനട ചീർപ്പ് അപകടഭീഷണി ഉയർത്തുന്നു. മൂരാട് പുഴയിലെ പതിയാരക്കര പ്രദേശങ്ങളിൽ ഉപ്പുവെള്ളം കയറുന്നത് തടയുന്നതിനാണ് പതിറ്റാണ്ടുകൾക്കുമുമ്പ് ചീർപ്പ് നിർമിച്ചത്.
കാലപ്പഴക്കത്താൽ ചീർപ്പിന്റെ കോൺക്രീറ്റ് ഇളകിമാറി ഇരുമ്പുകമ്പികൾ ദ്രവിച്ചനിലയിലും കൈവരികൾ തകർന്നനിലയിലുമാണ്. ചീർപ്പിനു മുകളിലൂടെ ദിനംപ്രതി നിരവധി വാഹനങ്ങളാണ് കടന്നുപോകുന്നത്. ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ ഉദ്ഘാടനം ചെയ്ത ചീർപ്പ് 1957ലാണ് നിർമിച്ചത്.
ആധുനികരീതിയിലുള്ള ഷട്ടർ ഉൾപ്പെടെയുള്ള ഒന്നും ചീർപ്പിനില്ല. ഓരോ വേനലിലും മണിയൂർ പഞ്ചായത്ത് നേതൃത്വത്തിൽ തെങ്ങിൻതടിയും മണ്ണും ഉപയോഗിച്ച് വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തി ഉപ്പുവെള്ളം കയറുന്നത് തടയലാണ് പതിവ്. വർഷംതോറും ഇത്തരത്തിൽ ചെയ്യുന്നത് പഞ്ചായത്തിന് സാമ്പത്തിക ബാധ്യതയും ഉണ്ടാക്കുന്നുണ്ട്.
മണിയൂർ പഞ്ചായത്തിലെയും നഗരസഭയിലെയും ആറോളം വാർഡുകളാണ് പുഴയുടെ ഇരുകരകളിലായുള്ളത്. കണ്ടൽക്കാടുകളും മത്സ്യസമ്പത്തും നൂറുകണക്കിന് വീടുകളുടെ കുടിവെള്ളസ്രോതസ്സാണ് പുഴ. അപകടാവസ്ഥയിലായ ചീർപ്പ് പുനർനിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.