മറുനാട്ടിൽ നിന്നെത്തി മലയാളം പഠിച്ച് ജയശ്രീക്ക് എൽ.എസ്.എസ്
text_fieldsവടകര: മലയാളക്കരയിലെത്തി മലയാളം പഠിച്ച് എൽ.എസ്.എസ് നേടിയ ഇതരസംസ്ഥാനക്കാരി ജയശ്രീയുടെ എൽ.എസ്.എസിന് തങ്കത്തിളക്കം. ജന്മംകൊണ്ട് പുതുച്ചേരിക്കാരിയാണെങ്കിലും ജയശ്രീ ഇന്ന് മലയാളിക്കുട്ടിയാണ്. പുതുച്ചേരി കടലൂരിൽനിന്ന് എട്ട് വർഷം മുമ്പാണ് രണ്ട് വയസ്സുകാരിയായ ജയശ്രീ അമ്മ കാമാക്ഷിക്കൊപ്പം വടകര നഗരത്തിൽ ഉപജീവനം തേടിയെത്തുന്നത്. കാമാക്ഷി ലോട്ടറി വിറ്റ് ജീവിതം കരുപ്പിടിപ്പിക്കുന്നതിനിടെ മകളെ വടകര ഈസ്റ്റ് ജെ.ബി സ്കൂളിൽ ഒന്നാം ക്ലാസിൽ ചേർത്തു.
മലയാളത്തിന്റ ആദ്യാക്ഷരങ്ങൾ നുകർന്നുനൽകിയതോടൊപ്പം അധ്യാപകരുടെ സ്നേഹലാളനയിൽ മിടുക്കിയായി.
അമ്മ കാമാക്ഷി ദിവസവും വടകര സ്റ്റാൻഡിലും പരിസരത്തുനിന്നുമായി 300 ലോട്ടറി ടിക്കറ്റുകളാണ് വിറ്റിരുന്നത്. പുലരുമ്പോൾ ഇറങ്ങി വൈകും വരെ ലോട്ടറി വിറ്റാലേ താമസ വാടകയും ജീവിതവും മുന്നോട്ടുകൊണ്ടുപോകാനുള്ള പണം ഇവർക്ക് കണ്ടെത്താൻ കഴിയുമായിരുന്നുള്ളൂ. മകളെ സ്കൂളിൽ സുരക്ഷിത കൈകളിൽ ഏൽപിച്ച് ജോലിക്കിറങ്ങുന്നത് കാമാക്ഷിക്ക് ഏറെ സന്തോഷം നൽകിയിരുന്നു.
അവധിദിനങ്ങളിൽ പലപ്പോഴും മകളെ തനിച്ചാക്കി വേവലാതിയോടെയാണ് ഈ അമ്മ ഇറങ്ങുന്നത്. കോവിഡിൽ അധ്യാപകർ ജയശ്രീയുടെ പഠനത്തിൽ പ്രത്യേക ശ്രദ്ധ നൽകിയിരുന്നു. കുട്ടിയുടെ കഠിന പ്രയത്നത്തിന്റ ഫലമാണ് വിജയമെന്ന് അധ്യാപകർ പറയുന്നു. ഗവ. സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിൽ അഞ്ചാം തരത്തിൽ പഠിക്കുന്ന ജയശ്രീക്ക് പഠനത്തോടൊപ്പം അമ്മയെ ദുരിതത്തിൽനിന്നും കരകയറ്റി മുന്നോട്ടുപോകണമെന്നാണ് ആഗ്രഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.