പുത്തൂർ സ്റ്റേഡിയത്തിന് മരണമണി; കെട്ടിട നിർമാണത്തിന് നടപടി തുടങ്ങി
text_fieldsവടകര: പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിനോടു ചേർന്ന നഗരസഭ മിനി സ്റ്റേഡിയത്തിന് മരണമണി. കായിക പ്രേമികളുടെയും നാട്ടുകാരുടെയും എതിർപ്പ് മറികടന്ന് സ്റ്റേഡിയത്തിൽ സ്കൂളിന് കെട്ടിടം നിർമിക്കാനുള്ള നടപടികൾ അധികൃതർ തുടങ്ങി.
ഒരു വാർഡിൽ ഒരു കളിസ്ഥലം എന്ന സർക്കാറിന്റെ തീരുമാനത്തിന് പുല്ലുവില കൽപിക്കുന്നതാണ് നടപടിയെന്ന് കായികപ്രേമികളും നാട്ടുകാരും പറയുന്നു. കളിസ്ഥലങ്ങളിൽ കെട്ടിടം നിർമിക്കരുതെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് നിലനിൽക്കെയാണ് ജില്ലയിലെ പ്രധാന സ്റ്റേഡിയത്തിൽ കെട്ടിട നിർമാണവുമായി നഗരസഭയും സ്കൂൾ അധികൃതരും മുന്നോട്ടുപോകുന്നതെന്ന് ആക്ഷേപമുണ്ട്.
പ്രതിഷേധം നിലനിൽക്കെ കെട്ടിടനിർമാണത്തിന്റെ ശിലാസ്ഥാപനം 26ന് നടത്താൻ സംഘാടക സമിതിക്ക് രൂപം നൽകാൻ യോഗം ചേരുന്നുണ്ട്.
സ്കൂളിന് തൊട്ടടുത്ത് കെട്ടിടം പണിയാൻ മറ്റു സ്ഥലങ്ങൾ ലഭ്യമായിട്ടും നേടിയെടുക്കാൻ നടപടി സ്വീകരിക്കാതെ, സ്കൂൾ ഗ്രൗണ്ടിൽ തന്നെ കെട്ടിടം വേണമെന്ന നിലപാടിനെതിരെ സമൂഹ മാധ്യമങ്ങളിൽ കടുത്ത വിമർശനമാണ് ഉയരുന്നത്.
1998ലാണ് സർക്കാർ വിദ്യാലയങ്ങളുടെ നടത്തിപ്പ് തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറിയത്. ഇതിനുശേഷമാണ് കെ. ശങ്കരക്കുറുപ്പ് നഗരസഭ ചെയർമാനായിരുന്ന സമയത്ത് വെള്ളം കെട്ടിനിൽക്കുന്ന സ്ഥലം മണ്ണിട്ടുനികത്തി സ്റ്റേഡിയമാക്കാൻ നടപടികൾ ആരംഭിച്ചത്. തുടർന്ന് പലഘട്ടങ്ങളിലായി പ്രവൃത്തികൾക്ക് ലക്ഷങ്ങൾ ചെലവഴിച്ചാണ് സ്റ്റേഡിയം ഇന്നത്തെ നിലയിൽ രൂപപ്പെടുത്തിയത്. സ്കൂളിന്റെതന്നെ ഉടമസ്ഥതയിലുള്ള 60 സെന്റിലധികം ഭൂമി തൊട്ടപ്പുറത്ത് ഒഴിഞ്ഞുകിടക്കുമ്പോഴാണ് ഈ കളിക്കളത്തെ ഇല്ലാതാക്കുന്നത്. ഇവിടെ കെട്ടിടം നിർമിക്കുന്നതോടെ 50 സെന്റ് സ്ഥലം സ്റ്റേഡിയത്തിൽനിന്ന് നഷ്ടമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.