മാലിന്യത്തോട് വിട; പുതിയാപ്പ് ട്രഞ്ചിങ് ഗ്രൗണ്ടിന് പുതിയ മുഖം
text_fieldsവടകര: നഗരത്തിലെ മാലിന്യ നിക്ഷേപ കേന്ദ്രമായിരുന്ന വടകര പുതിയാപ്പ് ട്രഞ്ചിങ് ഗ്രൗണ്ടിന് ശാപമോക്ഷമാവുന്നു. 1.5 ഏക്കർ വിസ്തൃതിയിലുള്ള മാലിന്യ കേന്ദ്രത്തിലെ കുന്നുകൂടിക്കിടക്കുന്ന മാലിന്യക്കൂമ്പാരം ഡംപ് സൈറ്റ് ബയോ മൈനിങ് പ്രവൃത്തിയിലൂടെ നീക്കം ചെയ്ത് ഭൂമി വീണ്ടെടുത്ത് ഹരിത പാർക്കും ഉദ്യാനവുമൊരുക്കുന്നു. മാലിന്യം നീക്കം ചെയ്ത് ഭൂമി വീണ്ടെടുക്കാൻ കേരള സോളിഡ് വേസ്റ്റ് മേനേജ്മെന്റ് പ്രോജക്ടിന്റെ ഭാഗമായി 5.52 കോടി രൂപ ലോകബാങ്ക് സഹായം ലഭ്യമായിട്ടുണ്ട്. നാഗ്പുർ ആസ്ഥാനമായുള്ള എസ്.എം.എസ് കമ്പനിയാണ് മാലിന്യം നീക്കാൻ കരാറെടുത്തത്.
1962 മുതൽ 2018 വരെ നഗരമാലിന്യം മുഴുവനായും തള്ളിയത് പുതിയാപ്പ് ട്രഞ്ചിങ് ഗ്രൗണ്ടിലായിരുന്നു. മാലിന്യം കൊണ്ട് പൊറുതിമുട്ടി നിരവധി പ്രക്ഷോഭങ്ങൾക്ക് ഇവിടം സാക്ഷ്യം വഹിച്ചിരുന്നു. നഗരസഭ ഉറവിട മാലിന്യ നിർമാര്ജനം പ്രോത്സാഹിപ്പിച്ചതോടെ ട്രഞ്ചിങ് ഗ്രൗണ്ടിന് മാറ്റം പ്രകടമായിരുന്നു. 2018നുശേഷം മാലിന്യങ്ങൾ വേർതിരിച്ച് മണ്ണും പൊടിയും മാത്രമായിരുന്നു ഇവിടെ നിക്ഷേപിച്ചിരുന്നത്. 2023 ഓടെ മാലിന്യം തള്ളുന്നത് പൂർണമായി ഉപേക്ഷിച്ചു. യു.എൽ.സി.സിയുടെ മേറ്റർ മെറ്റീരിയൽ ടെസ്റ്റിങ് റിസർച് ലബോറട്ടറി മാലിന്യത്തിന്റെ വിവിധ സാമ്പിളുകൾ പരിശോധനകൾക്ക് വിധേയമാക്കുകയുണ്ടായി. പരിശോധനയിൽ ഇവിടെ 6.7 മീറ്റർ ആഴത്തിൽ 38367 ക്യൂബിക് മീറ്റർ മാലിന്യം ഇവിടെ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.
മാലിന്യത്തിൽ പ്ലാസ്റ്റിക്, ചില്ലുകൾ, കല്ല്, തുണി തുടങ്ങിയവയാണ് അടങ്ങിയിരിക്കുന്നത്. മാലിന്യം പടിപടിയായി ഇല്ലാതാക്കുന്നതിന്റെ ഭാഗമായി നേരത്തെ 15 ലക്ഷം രൂപയുടെ പദ്ധതി ഇവിടെ നടപ്പാക്കിയിരുന്നു. ട്രഞ്ചിങ് ഗ്രൗണ്ടിൽ പതിറ്റാണ്ടുകളായി തള്ളിയ മാലിന്യം ഇല്ലാതാവുന്നതോടെ ഒരു ജനതയുടെ ഏറെക്കാലത്തെ മുറവിളിക്ക് പരിഹാരമാവും.
രണ്ടര മാസം കൊണ്ട് പ്രവൃത്തി പൂർത്തിയാക്കും
വടകര: പുതിയാപ്പ് ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് ഭൂമി വീണ്ടെടുക്കുന്ന പ്രവൃത്തി രണ്ടര മാസം കൊണ്ട് പൂർത്തിയാക്കുമെന്ന് നഗരസഭ ചെയർപേഴ്സൻ കെ.പി. ബിന്ദു പറഞ്ഞു. പ്രവൃത്തി ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 9.30ന് നടക്കും. 30 തൊഴിലാളികളും യന്ത്രങ്ങളും ഉപയോഗിച്ചാണ് പ്രവൃത്തി നടത്തുകയെന്നും ചെയർപേഴ്സൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷരായ എൻ.കെ. പ്രഭാകരൻ, രാജിത പതേരി, സിന്ധു പ്രേമൻ, കൗൺസിലർമാരായ കെ.കെ. വനജ, സി.വി. പ്രതീശൻ, പി.എസ്. അബ്ദുൽ ഹക്കിം എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.