റെയിൽവേയുടെ വെട്ടിനിരത്തൽ; കാർഷിക വിളകൾ നശിപ്പിച്ചു
text_fieldsവടകര: റെയിൽവേ ലൈനിനോടു ചേർന്ന് താമസിക്കുന്ന കുടുംബങ്ങളോട് റെയിൽവേയുടെ കൊടും ക്രൂരത. കാർഷിക വിളകൾ വെട്ടിനശിപ്പിക്കുകയും റെയിൽവേ ലൈൻ കടക്കാനുള്ള സ്ലാബുകൾ പിഴുതെറിയുകയും ചെയ്തു. പുതുപ്പണം ബ്രദേഴ്സ് ബസ് സ്റ്റോപ്പിന് പടിഞ്ഞാറു ഭാഗത്താണ് റെയിൽവേ സ്ലാബ് എടുത്തുമാറ്റുകയും ഏകദേശം 50ഓളം കുലക്കാറായതും കുലച്ചതുമായ വാഴകൾ വെട്ടിനശിപ്പിക്കുകയും ചെയ്തത്.
ട്രെയിനിന് ഭീഷണിയെന്നു ചൂണ്ടിക്കാട്ടിയാണ് സ്വകാര്യ വ്യക്തികളുടെ പറമ്പുകളിലടക്കം അധികൃതർ അതിക്രമം കാട്ടിയത്. ഇടവിള കൃഷികൾ റെയിൽവേയുടെ ഭൂമിയിലാണെങ്കിലും സ്വകാര്യ വ്യക്തികളുടെ പറമ്പിലെ മാവ്, തെങ്ങ്, പ്ലാവ് തുടങ്ങിയവ വെട്ടിമാറ്റിയവയിൽ ഉൾപ്പെടും.
റെയിൽവേ ലൈനുകൾക്ക് ഭീഷണിയാവുന്ന മരങ്ങളും ചില്ലകളും നോട്ടീസ് നൽകി മുറിച്ചുമാറ്റുക പതിവാണ്. എന്നാൽ, ഇത്തവണ പറമ്പുകളിൽ അവശേഷിക്കുന്ന ഫലവൃക്ഷങ്ങൾ ഒന്നടങ്കം മുറിച്ച് മാറ്റുകയാണുണ്ടായത്. റെയിൽവേ ലൈൻ കടന്ന് ദേശീയപാതയിലേക്ക് കയറാനായി സ്ഥാപിച്ച സ്ലാബുകൾ എടുത്തുമാറ്റിയതിനാൽ പാളം മുറിച്ചുകടക്കാൻ പറ്റാത്ത സ്ഥിതിയാണ്. പതിറ്റാണ്ടുകളായി പ്രദേശവാസികൾ ഉപയോഗിക്കുന്ന കാൽനടപ്പാതയാണ് നിസ്സാര വാദഗതികൾ ഉയർത്തി റെയിൽവേ കൊട്ടിയടച്ചത്. ഡി.ആർ.എമ്മിന്റെ സന്ദർശനത്തിനു മുന്നോടിയായാണ് വെട്ടിമാറ്റൽ. വർഷത്തിലൊരിക്കൽ ഉന്നത ഉദ്യോഗസ്ഥന്റെ പരിശോധന ഉണ്ടാകാറുണ്ട്. എന്നാൽ, ആദ്യമായാണ് സഞ്ചാര സ്വാതന്ത്ര്യം തടയുകയും വിളകൾ നശിപ്പിക്കുന്നതുൾപ്പെടെ നടപടികളും റെയിൽവേയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് നാട്ടുകാർ പറയുന്നു. റെയിൽവേയുടെ ജനദ്രോഹ നടപടികളിൽ നാടാകെ അമർഷത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.