ഒന്തം റോഡ് അടക്കാൻ റെയിൽവേ ശ്രമം; നാട്ടുകാർ തടഞ്ഞു
text_fieldsവടകര: വടകര ടൗണിനെ താഴെ അങ്ങാടിയുമായി ബന്ധിപ്പിക്കുന്ന ഒന്തം റോഡ് അടക്കാനുള്ള റെയിൽവേ ശ്രമം നാട്ടുകാർ തടഞ്ഞു. പതിറ്റാണ്ടുകളായി നാട്ടുകാർ കാൽനടക്ക് ഉപയോഗിക്കുന്ന റെയിൽവേ ലൈൻ കടന്നുപോകുന്ന ഭാഗത്തെ പടവുകൾ നീക്കിയാണ് അധികൃതർ ബുധനാഴ്ച രാവിലെ അടച്ചുപൂട്ടാനെത്തിയത്. ഇതിന്റെ ഭാഗമായി റെയിലിന്റെ രണ്ടു ഭാഗങ്ങളിലും ഇരുമ്പുകമ്പികൾ സ്ഥാപിക്കുകയുണ്ടായി. റെയിൽപാളം കടന്നുള്ള കാൽനടയാത്ര ഇരുമ്പുപൈപ്പിട്ട് പൂട്ടി നിരോധിക്കാനായിരുന്നു നീക്കം.
വിവരമറിഞ്ഞ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ നഗരസഭ ചെയർപേഴ്സൻ കെ.പി. ബിന്ദു, കൗൺസിലർമാർ എന്നിവരും സ്ഥലത്തെത്തി റോഡ് അടക്കാനുള്ള നീക്കത്തിൽനിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടു. നഗരസഭ റെയിൽവേ ഡിവിഷനൽ മാനേജർക്ക് പരാതി നൽകി. തുടർന്ന് സ്ഥലത്തെത്തിയ കെ.കെ. രമ എം.എൽ.എ റെയിൽവേ അധികൃതരുമായി സംസാരിച്ച് റോഡ് അടച്ചുപൂട്ടാനുള്ള നീക്കം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. ഈ ഭാഗത്ത് കാൽനടക്ക് ഫുട് ഓവർബ്രിഡ്ജ് നിർമിക്കണമെന്ന ആവശ്യമുയർന്നിരുന്നു.
താഴെ അങ്ങാടിയും ടൗണും ബന്ധിപ്പിച്ചു കാൽനടയായി ഉപയോഗിക്കുന്ന റോഡ് വിചിത്ര വാദം ഉന്നയിച്ച് റെയിൽവേ അധികൃതർ അടച്ചുപൂട്ടാൻ തീരുമാനിച്ചത് പുനഃപരിശോധിക്കണമെന്നും നിലവിലെ വഴി നിലനിർത്തണമെന്നും വടകര മർച്ചന്റ്സ് അസോസിയേഷൻ അടിയന്തര സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. ആവശ്യമുന്നയിച്ച് ബന്ധപ്പെട്ടവർക്ക് നിവേദനം നൽകാൻ യോഗം തീരുമാനിച്ചു. പ്രസിഡന്റ് എം. അബ്ദുൽ സലാം അധ്യക്ഷതവഹിച്ചു. എൻ.കെ. ഹനീഫ്, പി.കെ. രതീശൻ, ഒ.കെ. സുരേന്ദ്രൻ, എം.കെ. രാലൂട്ടി, എ.ടി.കെ. സാജിദ്, വി.കെ. മുഹമ്മദലി, കെ.പി.എ. മനാഫ്, കെ.കെ. അജിത്ത് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.