കാലവർഷം കനക്കുന്നു കടലോരത്ത് ആധിയുടെ നാളുകൾ
text_fieldsവടകര: കാലവർഷം കനത്തതോടെ തകർന്ന കടൽഭിത്തികൾ തീരദേശവാസികളെ ഭീതിയിലാഴ്ത്തുന്നു. അഴിത്തല മുതൽ കുരിയാടി വരെയുള്ള നിരവധി സ്ഥലങ്ങളിൽ കടൽഭിത്തി തകർന്നു കിടക്കുകയാണ്. കാലവർഷത്തിൽ തകർന്ന ഭാഗങ്ങളിലൂടെ തിരമാലകൾ ആഞ്ഞടിക്കുമെന്ന ഭീതിയിലാണ് കടലോരവാസികൾ. പുറങ്കരയിൽ കഴിഞ്ഞതവണ കടൽ കരകടന്ന് വീശിയടിച്ചിരുന്നു. ഈ ഭാഗങ്ങളിൽ പലയിടത്തും കടൽഭിത്തിയില്ല. കടൽഭിത്തി നിർമാണത്തിന് എസ്റ്റിമേറ്റ് തയാറാക്കുന്ന നടപടി ആരംഭിച്ചിട്ടേ ഉള്ളൂ.
പാണ്ടികശാലവളപ്പിൽ നിലവിലുള്ള കടൽഭിത്തിക്ക് ഉയരക്കുറവുള്ളതിനാൽ കടൽ കരകടക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഇവിടെ കടൽഭിത്തിക്ക് ഉയരം കൂട്ടണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടികളുണ്ടായിട്ടില്ല. പോർട്ട് ഓഫിസിന് പിറകുവശം മുതൽ ആവിക്കൽ വരെയുള്ള ഭാഗങ്ങൾ തകർന്നു കിടക്കുകയാണ്. സാൻഡ് ബാങ്ക്സിൽ പുലിമുട്ടിെന്റ മിക്ക ഭാഗങ്ങളും തകർന്നു കിടക്കുകയാണ്. സാൻഡ് ബാങ്ക്സ്, തീരദേശ പൊലീസ് സ്റ്റേഷൻ ഉൾപ്പെടെയുള്ള തീരഭാഗങ്ങൾ സംരക്ഷിക്കുന്നത് നിലവിലെ പുലിമുട്ടാണ്.
കാലവർഷത്തിെന്റ തുടക്കത്തിൽതന്നെ സാൻഡ് ബാങ്ക്സിൽ തീരശോഷണം തുടങ്ങിയിരുന്നു. പുലിമുട്ടിെന്റ നീളംകൂട്ടണമെന്ന ആവശ്യത്തെ തുടർന്ന് പുണെ ആസ്ഥാനമായുള്ള സി.ഡബ്ല്യു.പി.ആർ.എസ് പഠനം നടത്തിയിരുന്നു. നഗരസഭ കൗൺസിലർ പി.വി. ഹാഷിം തീര ജനസമ്പർക്ക സഭക്ക് (പരാതി പരിഹാര സഭ) നൽകിയ പരാതിയിൽ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡിസൈൻ ലഭിക്കുന്നമുറക്ക് തുടർനടപടി സ്വീകരിക്കുമെന്നാണ് ഫിഷറീസ് വകുപ്പ് അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.