വനിത കമീഷൻ അധ്യക്ഷ പദവി സതീദേവിക്കുള്ള അംഗീകാരം
text_fieldsവടകര: ലോക്സഭയിലേക്ക് വടകര പാർലമെൻറ്മണ്ഡലത്തിൽ നിന്ന് മുല്ലപ്പള്ളി രാമചന്ദ്രനോട് തോറ്റ ശേഷം പാർട്ടി വേദികളിൽ ഒതുങ്ങിയ അഡ്വ. പി. സതീദേവിക്ക് ലഭിച്ച വനിത കമീഷൻ അധ്യക്ഷ പദവി വൈകിക്കിട്ടിയ അംഗീകാരം. 2004ൽ കോൺഗ്രസിലെ എം.ടി. പത്മയെ വൻ ഭൂരിപക്ഷത്തിലാണ് സതീദേവി പരാജയപ്പെടുത്തിയത്. 1,30,589 വോട്ടുകളുടെ ചരിത്ര വിജയമാണ് വടകര സതീദേവിക്ക് സമ്മാനിച്ചത്. 2009ൽ മുല്ലപ്പള്ളി രാമചന്ദ്രനോട് 56,186 വോട്ടുകൾക്ക് തോറ്റു. പിന്നീട് ജനാധിപത്യ മഹിള അസോസിയേഷൻ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുകയായിരുന്നു.
പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം, മഹിള അസോസിയേഷൻ അഖിലേന്ത്യ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി പദവികൾ വഹിക്കുന്നു. കോഴിക്കോട് കേന്ദ്രീകരിച്ചാണ് വിദ്യാർഥി രാഷ്ട്രീയത്തിലൂടെ നേതൃരംഗത്തെത്തിയത്. ഒഞ്ചിയത്തെ പാർട്ടി പിളർപ്പിൽ സംസ്ഥാന കമ്മിറ്റി അംഗമെന്ന നിലയിൽ പാർട്ടിക്ക് താങ്ങായി സതീദേവി മാറിയിരുന്നു. പി. ജയരാജെൻറ സഹോദരിയാണ്. സതീദേവിയുടെ ഭർത്താവ് സി.പി.എം മുൻ ജില്ല സെക്രട്ടറി പരേതനായ എം. ദാസനാണ്. മകൾ അഞ്ജലി.
വനിത കമീഷന് അധ്യക്ഷയായി സതീദേവി ഒന്നിന് ചുമതലയേല്‍ക്കും
തിരുവനന്തപുരം: കേരള വനിത കമീഷന് അധ്യക്ഷയായി അഡ്വ. പി. സതീദേവി ഒക്ടോബര്‍ ഒന്നിന് ചുമതലയേല്‍ക്കും. കേരള വനിത കമീഷെൻറ ഏഴാമത്തെ അധ്യക്ഷയാണ് കോഴിക്കോട് വടകര സ്വദേശിയായ സതീദേവി.2004 മുതല്‍ 2009 വരെ വടകരയിൽ ലോക്സഭ മണ്ഡലത്തില്‍നിന്നുള്ള പാര്‍ലമെൻറ് അംഗമായിരുന്നു.
കോഴിക്കോട് ജില്ല സഹകരണബാങ്ക് പ്രസിഡൻറ്, സംസ്ഥാന സഹകരണബാങ്ക് ഡയറക്ടര്‍, ഉത്തര മേഖല ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.കണ്ണൂര്‍, കോഴിക്കോട് ജില്ല കോടതികളില്‍ അഭിഭാഷകയായിരുന്നു. മഹിള അസോസിയേഷന് സംസ്ഥാന സെക്രട്ടറിയും സുശീലാ ഗോപാലന് സ്ത്രീപദവി നിയമപഠനകേന്ദ്രം അധ്യക്ഷയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.