കേര കർഷകർക്ക് ആശ്വാസം; പച്ചത്തേങ്ങ വിലയിൽ വർധന
text_fieldsവടകര: കേരകർഷകർക്ക് ആശ്വാസമായി ആറു മാസത്തിനിടെ പച്ചത്തേങ്ങ വിലയിൽ വൻ വർധന. പച്ചത്തേങ്ങ കിലോക്ക് 29 രൂപയിലെത്തി. വില ഇനിയും കൂടാനാണ് സാധ്യത. വിലത്തകർച്ചയിൽ പൊറുതിമുട്ടുന്ന നാളികേര കർഷകന് തേങ്ങവില കര കയറുന്നത് ഏറെ പ്രതീക്ഷ നൽകുന്നുണ്ട്.
പച്ചത്തേങ്ങ വില കിലോക്ക് 23ലേക്ക് കൂപ്പുകുത്തിയ സ്ഥാനത്തുനിന്നാണ് 29ലേക്ക് ഉയർത്തെഴുന്നേൽപുണ്ടായത്. പച്ചത്തേങ്ങ വില കുറഞ്ഞതോടെ മാർക്കറ്റിലേക്കുള്ള വരവ് ഗണ്യമായി കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിപണിയിൽ വർധന പ്രകടമായത്. കിലോ 23ൽനിന്നും പടിപടിയായി ഉയരുകയാണ് ഉണ്ടായത്. ഉണ്ടക്കൊപ്രക്കും സാമാന്യം നല്ല വില ലഭിക്കുന്നുണ്ട്. ഉണ്ട ക്വിന്റലിന് 11400 രൂപയിലെത്തിയിട്ടുണ്ട്. കൊപ്ര രാജാപ്പൂരിന് ക്വിന്റലിന് 13400 രൂപയാണ് വില. കൊപ്ര ക്വിന്റലിന് 9400 ഉയർന്നിട്ടുണ്ട്.
സർക്കാറിന്റ സംഭരണ കേന്ദ്രങ്ങൾ വഴിയുള്ള വാങ്ങലും വില വർധനവിൽ നിഴലിക്കുകയുണ്ടായി. പച്ചത്തേങ്ങ സംഭരിക്കാൻ നാളികേര വികസന കോർപറേഷനും മുന്നോട്ടുവന്നിട്ടുണ്ട്. 26 സംഭരണ കേന്ദ്രങ്ങൾ തുറക്കാൻ നാളികേര വികസന കോർപറേഷന് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ജില്ലയിൽ 12 കേന്ദ്രങ്ങൾ അനുവദിച്ചിട്ടുണ്ട്.
പുതുതായി കുറ്റ്യാടി, വേങ്ങേരി, കട്ടിപ്പാറ എന്നിവിടങ്ങളിലാണ് സംഭരണ കേന്ദ്രങ്ങൾ തുറന്നത്. നാളികേര വികസന കോർപറേഷൻ സംഭരിക്കുന്ന പച്ചത്തേങ്ങ സംസ്കരിച്ച് കേരഫെഡിന് കൈമാറും. ഉൽപാദന ചെലവ് മുൻനിർത്തി വില വർധന തുച്ഛമാണെന്നാണ് കർഷകരുടെ പക്ഷം. അടക്ക വിലയിൽ വൻ തകർച്ചയാണ് ഉണ്ടായത്. ഒക്ടോബർ ആദ്യവാരം ക്വിന്റലിന് 37500 രൂപയുണ്ടായിരുന്നത് 35000ത്തിലേക്ക് കൂപ്പുകുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.