ജല അതോറിറ്റിയുടെ അറ്റകുറ്റപ്പണി: ദേശീയപാത നിശ്ചലമായി
text_fieldsവടകര: ദേശീയപാതയിൽ അടക്കാതെരുവിൽ പൊട്ടിയ ജലവിതരണ പൈപ്പ് മുന്നറിയിപ്പില്ലാതെ ജല അതോറിറ്റി അറ്റകുറ്റപ്പണി ചെയ്തു. ഗതാഗതക്കുരുക്കിൽ ദേശീയപാത സ്തംഭിച്ചു. ബുധനാഴ്ച രാത്രിയോടെയാണ് അടക്കാതെരുവ് എസ്.ജി.എം.എസ്.ബി സ്കൂളിന് സമീപം ബി.എസ്.എൻ.എൽ കേബിൾ ജോലിക്കിടെ ജലവിതരണ കുഴൽ പൊട്ടിയത്. രാത്രി ഒമ്പത് മണിയോടെ തന്നെ പൊട്ടിയ കുഴൽ ജല അതോറിറ്റി തൊഴിലാളികൾ അറ്റകുറ്റപ്പണി ചെയ്യാൻ തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി അടക്കാതെരുവിൽ രണ്ട് ഭാഗങ്ങളിലൂടെയുള്ള സർവിസ് റോഡിൽ ഒരു ഭാഗം അടച്ച് ഗതാഗതം കടത്തിവിട്ടിരുന്നു.
രാത്രിയിൽ പൊലീസിന്റെ സാന്നിധ്യത്തിൽ ഗതാഗതം തടസ്സപ്പെട്ടിരുന്നില്ല. എന്നാൽ, വ്യാഴാഴ്ച രാവിലെയും പ്രവൃത്തി തുടർന്നതോടെ വടകര നഗരം പൂർണമായി ഗതാഗതക്കുരുക്കിൽ അമർന്നു. പഴയ സ്റ്റാൻഡ് ദേശീയപാതയിലുണ്ടായ ഗതാഗതക്കുരുക്ക് പുതുപ്പണം ജില്ല പൊലീസ് മേധാവിയുടെ ഓഫിസ് റോഡ് വരെ കിലോമീറ്ററുകൾ നീണ്ടു. പുതിയ സ്റ്റാൻഡ് വഴിയുള്ള ഗതാഗതക്കുരുക്കും കിലോമീറ്ററുകൾ നീണ്ടു. തലശ്ശേരി, കുറ്റ്യാടി റൂട്ടുകളിലേക്കുള്ള ബസുകൾ ലിങ്ക് റോഡ് വഴി തിരിച്ചു വിട്ടതോടെ ഈ ഭാഗവും സ്തംഭിച്ചു. നഗരത്തിലെ ചെറു റോഡുകളും നിശ്ചലമായി. ഗതാഗതക്കുരുക്കിൽ ജനം വലഞ്ഞതോടെ അയനിക്കാടുവെച്ച് വലിയ വാഹനങ്ങൾ പൊലീസ് തടയുകയുണ്ടായി.
ഉച്ചക്ക് ഒരുമണിയോടെയാണ് ഗതാഗതം പൂർവസ്ഥിതിയിലായത്. ഈ സമയംവരെ രോഗികളും ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങളും യാത്രക്കാരും റോഡിൽ കുരുങ്ങിക്കിടന്നത് ദയനീയ കാഴ്ചയായിരുന്നു. വേണ്ടത്ര മുൻകരുതലോ മുന്നറിയിപ്പോ ഇല്ലാതെ നടത്തിയ അറ്റകുറ്റ പ്രവൃത്തിയാണ് ജനങ്ങളെ വലച്ചത്. ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടിയതോടെ നഗരത്തിൽ ജലവിതരണം തടസ്സെപ്പട്ടു. സിവിൽ സ്റ്റേഷൻ, ജയിൽ, കുരിയാടി, കസ്റ്റംസ് റോഡ്, വീരഞ്ചേരി ഭാഗങ്ങളിൽ ജലവിതരണം നിലക്കുകയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.