വടകരയിൽ ടർഫ് ഗ്രൗണ്ടുകൾക്ക് നിയന്ത്രണവും നിയമാവലിയും
text_fieldsവടകര: ടർഫ് ഗ്രൗണ്ടുകളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ വടകര നഗരസഭ നിയന്ത്രണവും നിയമാവലിയും കൊണ്ടുവരുന്നു. ടർഫ് ഗ്രൗണ്ടുകളെ ചട്ടക്കൂട്ടിലാക്കുന്നതിന്റെ ഭാഗമായി നഗരസഭ പരിശോധന നടത്തി. പുതുതായി ടർഫ് ഗ്രൗണ്ടുകൾ തുടങ്ങുന്നവർക്ക് നഗരസഭ നിയമപ്രകാരമുള്ള രജിസ്ട്രേഷൻ പ്രകാരം മാത്രമേ പ്രവർത്തിക്കാൻ കഴിയുകയുള്ളൂ. നിലവിലുള്ള ഗ്രൗണ്ടുകൾക്ക് രജിസ്ട്രേഷൻ എടുക്കുന്നതിന് മൂന്നുമാസം വരെ സമയം അനുവദിക്കാനാണ് നഗരസഭ തീരുമാനം.
നിയന്ത്രണങ്ങളില്ലാതെ നടത്തപ്പെടുന്ന ചില ടർഫ് ഗ്രൗണ്ടുകൾ സമീപവാസികൾക്ക് അസൗകര്യങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഇവയെ നിയന്ത്രിക്കാൻ നിയമാവലികളോ ചട്ടങ്ങളോ ഇല്ലാത്തത് കാരണം പൊലീസിനും നഗരസഭക്കും കാര്യമായ നടപടികൾ സ്വീകരിക്കാൻ സാധിക്കാറില്ല.
കായികമേഖലക്ക് അടിസ്ഥാനസൗകര്യം എന്നനിലക്ക് ടർഫ് ഗ്രൗണ്ടുകൾക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്യേണ്ടതുണ്ടെങ്കിലും ചില നിയന്ത്രണങ്ങളുമേർപ്പെടുത്തേണ്ടതുണ്ടെന്ന സമീപകാല അനുഭവത്തിന്റെ വെളിച്ചത്തിലാണ് നിയന്ത്രണവും നിയമാവലിയും ഏർപ്പെടുത്താൻ നഗരസഭ തയാറാകുന്നതെന്ന് അധികൃതർ വിശദീകരിച്ചു.
ടർഫ് ഗ്രൗണ്ടുകൾക്കായി നഗരസഭ കരട് നിയമാവലി തയാറാക്കിയിട്ടുണ്ട്. ഇതുപ്രകാരം രാത്രി നിശ്ചിത സമയം വരെയാണ് തർക്ക ഗ്രൗണ്ടുകൾക്ക് പ്രവർത്തിക്കാൻ അനുമതിയുണ്ടാവുക. ഗ്രൗണ്ടുകൾ രജിസ്ട്രേഷൻ, ലൈസൻസ് എന്നിവ എടുക്കേണ്ടതുണ്ട്. ഗ്രൗണ്ടുകളിൽ ഉപയോഗിക്കുന്ന ശബ്ദസംവിധാനങ്ങൾക്കും നിയന്ത്രണങ്ങളുണ്ട്.
ഗ്രൗണ്ട് സംബന്ധിച്ച ബൈലോ പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾക്കായി നഗരസഭ ഓഫിസിലും വെബ്സൈറ്റിലും ലഭ്യമാക്കും. നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ നിയമാവലി അന്തിമമാക്കാനാണ് തീരുമാനം.
നിയമാവലി പ്രസിദ്ധപ്പെടുത്തുന്നതിനുള്ള നടപടികളുടെ ഭാഗമായി ടർഫ് ഗ്രൗണ്ടുകളിൽ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. ബിജു, നഗരസഭ സെക്രട്ടറി എൻ.കെ. ഹരീഷ് എന്നിവരുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ എ.എസ്. സുദീപ്, റവന്യൂ ഓഫിസർ ജി.പി. ഉദയകുമാർ, ഓവർസിയർ ദിലീപ് എന്നിവർ പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.